റിയാദ്: ജനാദ്രിയ ഉത്സവ നഗരിയിൽ ഇന്ത്യയൊരുക്കിയ പവലിയൻ സൽമാൻ രാജാവ് സന്ദർശിച്ചു. അൽപസമയത്തിനകം രാജാവ് പവലിയനിലെത്തുമെന്ന് അംബാസഡർ അഹമ്മദ് ജാവേദ് അറിയിച്ചു. ഉടൻ റോയൽ ഗാർഡിന്റെ കറുത്ത സുരക്ഷാ പട പവലിയനിലെത്തി. നിമിഷങ്ങൾക്കകം സുരക്ഷാ പരിശോധനയുടെ അവസാന ഘട്ടം പൂർത്തിയാക്കി. മുന്നിൽ വിരിച്ച ചുവന്ന പരവതാനിയിൽ വർണ്ണ പൂക്കളേന്തി രാജാവിനെ സ്വീകരിക്കാൻ അംബാസഡറും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും അണിനിരന്നു. രാജാവിനെ അനുഗമിക്കുന്ന ഉന്നത തല സംഘം പവലിയനിലേക്ക്. തൊട്ട് പിറകെ കറുത്ത ഗോൾഫ് കാറിൽ നിറപുഞ്ചിരിയോടെ രാജാവെത്തി.

വർണ്ണ പൂക്കൾ നൽകി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അംബാസഡർ അഹമ്മദ് ജാവേദും സംഘവും രാജാവിനെ സ്വീകരിച്ചു. തുടർന്ന് രാജാവിനൊപ്പം ഗോൾഫ് കാറിൽ വിദേശകാര്യ മന്ത്രി കാറിന് പുറത്ത് രാജാവിനെയും സംഘത്തെയും നയിച്ചും പവലിയനിലൊരുക്കിയ കാഴ്ചകൾ വിശദീകരിച്ചും അംബാസഡർ. ചുമരിൽ പതിച്ചിരിക്കുന്ന ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ ചിത്രങ്ങളും ആധുനിക ഇന്ത്യയുടെ കാഴ്ചപ്പാടുകളും രാജാവ് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു. തുടർന്ന് കേരള സ്റ്റാൾ ഉൾപ്പടെ ഓരോ സ്റ്റാളിന്റെ മുന്നിലൂടെയും രാജീവിന്റെ വാഹനം പതുക്കെ നീങ്ങി.

സംതൃപ്തിയോടെ രാജാവ് ദൈവാനുഗ്രം ആശംസിച്ച് പവലിയനിൽ നിന്ന് പുറത്തേക്ക്. സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സൗദി സുരക്ഷാ സേനയുടെ ഉന്നതതല സംഘം, ഇന്ത്യൻ വ്യവസായികളായ എം.എ.യൂസഫ് അലി, സിദ്ദിഖ് അഹമ്മദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ