റിയാദ്: ലെവി കുടിശ്ശികയിൽ കഴിഞ്ഞ ദിവസം സൽമാൻ രാജാവ് പ്രഖ്യാപിച്ച ഇളവ് സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടാൻ ഒരുങ്ങിയ സ്ഥാപനങ്ങൾ ആശ്വാസം പകർന്നു. കുടിശ്ശിക അടക്കാൻ അവസാന സമയം അനുവദിച്ചു തൊഴിൽ മന്ത്രാലയം സ്ഥാപനഉടമകൾക്ക് സന്ദേശം അയച്ചിരുന്നു. നിശ്ചിത തിയ്യതിക്കകം തുക അടച്ചില്ലെങ്കിൽ ഇഖാമ പുതുക്കൽ,സ്പോൺസർഷിപ്പ് മാറ്റം,വിസ സേവനം ഉൾപ്പടെയുള്ള തൊഴിൽ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിർത്തിവെക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.
വലിയ തുക കുടിശ്ശിക ഇനത്തിൽ അടക്കാനുള്ള സ്ഥാപനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിയിലായ സമയത്താണ് ലെവിയിൽ ആശ്വാസം പകർന്ന് രാജപ്രഖ്യാപനമുണ്ടാകുന്നത്. അടച്ച ലെവി തുക തിരിച്ചു കിട്ടുന്നത് സാമ്പത്തികമായി വലിയ ബാധ്യതകൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസം പകരും. നിശ്ചിത സമയത്തിനകം അടക്കാൻ നോട്ടീസ് ലഭിച്ചിട്ടും തുക അടക്കാനാകാതെ പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകാൻ പുതിയ തീരുമാനം കാരണമാകും. ഇത് വിപണിയിൽ കാര്യമായ ചലനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതെ സമയം മഞ്ഞ,ചുവപ്പ് കാറ്റഗറിയിൽ തുടരുന്നവർക്ക് സ്വേദേശി വത്കരണ മാനദണ്ഡം പൂർത്തിയാക്കി പച്ചയിലേക്ക് പ്രവേശിക്കും വരെ ഈ സഹായത്തിന് അപേക്ഷിക്കാനാകില്ല.സ്വദേശികളെ നിയമിച്ചു പച്ചയിലേക്ക് കടന്ന് ഒരു വർഷം പച്ചയിൽ തുടർന്നാൽ മാത്രമേ ആനുകൂല്യം ലഭ്യമാകൂ. മാനദണ്ഡങ്ങൾ പൂർത്തിയാക്കിയവർക്ക് ലെവി കുടിശ്ശിക തിരിച്ചുനൽകാനുള്ള നടപടികളിലേക്ക് തൊഴിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കുടിശ്ശിക അടക്കേണ്ട തിയ്യതി കാണിച്ചു നൽകിയ മുന്നറിയിപ്പ് സന്ദേശങ്ങൾ ഇൻബോക്സിൽ നിന്നും മന്ത്രാലയം പിൻവലിച്ചു തുടങ്ങി.
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ള, നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ച കുടിശ്ശിക സംഖ്യ തിരിച്ചു കിട്ടുന്നതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് സഹിതം രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാകാവുന്നതാണ്. ഒരു വർഷം പൂർണമായി സ്വദേശിവത്കരണം പാലിച്ച പ്ലാറ്റിനം, പച്ച സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ഈ കുടിശ്ശിക തിരിച്ചുനൽകും. അടിയന്തിരമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടച്ച തുക തിരിച്ചു പിടിക്കാനും. അടക്കാനുള്ള തുക തൊഴിൽ മന്ത്രാലയം അനുവദിച്ച സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്ഥാപനഉടമകൾ.
വാര്‍ത്ത: നൗഫല്‍ പാലക്കാടന്‍