റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റ ഇന്ത്യ സന്ദർശനത്തിൽ സൗദി ജയിലിൽ കഴിയുന്ന ഇന്ത്യൻ തവുടകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായി. രണ്ടായിരത്തോളം ഇന്ത്യക്കാരാണ് സൗദിയിൽ ജയിലിൽ കഴിയുന്നത് ഇതിൽ ഇരുപതിൽ താഴെ പേരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടവർ. പുതിയ തീരുമാനമനുസരിച്ച് 850 തടവുകാരെ വിട്ടയക്കും. അതായത് ഏകദേശം അമ്പത് ശതമാനത്തോളം ഇന്ത്യൻ തടവുകാർ ജയിൽ മോചിതരാകും. ഏതൊക്കെ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കാണ് പുതിയ തീരുമാനം പ്രയോജനപ്പെടുക എന്നതിൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സൗദിയിൽ കഴിയുന്ന ഇന്ത്യൻ തടവുകാരെ കുറിച്ച് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കിരീടാവകാശിയുടെ അനുകൂല പ്രതികരണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിലീസ് ഓർഡർ ജയിലിൽ എത്തിയാലേ മോചനം സാധ്യമാകൂ.

കിരീടാവകാശി ഇന്ത്യ സന്ദർശിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത് മുതൽ നിരവധി പേരാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും തടവുകാരുടെ കാര്യം ശ്രദ്ധയിൽ പെടുത്തി ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായതിന്റെ ആഹ്ലാദത്തിലാണ് സാമൂഹ്യ പ്രവർത്തകരും തടവുകാരും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook