റിയാദ്: കൊറോണ വൈറസ് വ്യാപനം നേരിടുന്നതിന് കർശന നിയന്ത്രണവുമായി സൗദി അറേബ്യ. രാജ്യത്ത് 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നു (മാർച്ച് 23) വൈകുന്നേരം മുതൽ കർഫ്യൂ നിലവിൽ വരും. ഈ ദിവസങ്ങളിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.

കര്‍ഫ്യൂ നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പൊതു-സ്വകാര്യ മേഖലയിലെ അവശ്യ ജീവനക്കാർ, സുരക്ഷ, സൈനികം, മാധ്യമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. സൂപ്പർ മാർക്കറ്റുകളും മെഡിക്കൽ ക്ലിനിക്കുകളും കർഫ്യൂ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും.

Read Also: കോവിഡ്-19: മരണം 14,641, രോഗം സ്ഥിരീകരിച്ചത് 337,042 പേർക്ക്

കർഫ്യൂ ദിവസങ്ങളിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച മാത്രം 119 പേർക്കാണ് സൗദിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 511 ആയി ഉയർന്നു.

അതിനിടെ, ആഗോളതലത്തിൽ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 14,641 ആയി. 337,042 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഇന്ന് മാത്രം മരിച്ചത് 651 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5476 ആയി. ഐസിആര്‍ കണക്കുപ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 396ആയി. ഏഴു പേർ മരിച്ചു. ഞായറാഴ്ച മാത്രം മൂന്നു പേരാണ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook