റിയാദ്​: സൗദി ആരോഗ്യമന്ത്രാലയത്തി​ന്റെ ഇന്ത്യയിലെ ഔദ്യോഗിക റിക്രൂട്ടിങ്​​ ഏജന്റായി ഇനി നോർക റൂട്ട്​സും. ഇത്​ സംബന്ധിച്ച കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. വ്യാഴാഴ്​ച രാവിലെ റിയാദിലെ ആരോഗ്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ മന്ത്രാലയം ഹ്യൂമൻ റിസോഴ്​സ്​ വിഭാഗം ജനറൽ മാനേജർ ആയിദ്​ അൽഹർതിയും നോർക റൂട്ട്​സ്​ സിഇഒ ഡോ. കെ.എൻ.രാഘവനുമാണ്​ ഉടമ്പടിയിൽ ഒപ്പുവെച്ചത്​. സൗദി അറേബ്യയിലേക്ക്​ ആവശ്യമായ ഡോക്​ടർ, നഴ്​സ്​, മറ്റ്​ പാരാമെഡിക്കൽ ജീവനക്കാരെ റിക്രൂട്ട്​ ചെയ്യാനുള്ള അംഗീകാരമാണിത്​. ഇതോടെ റിക്രൂട്ട്മെന്റ് കൂടുതൽ സുതാര്യവും ഉത്തരവാദപരവും ചെലവ്​ കുറഞ്ഞതുമാകുമെന്ന്​ സിഇഒ ഡോ. കെ.എൻ രാഘവൻ പിന്നീട്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിക്രൂട്ട്​മെന്റ് നടപടികൾ വളരെ സുതാര്യവും എളുപ്പവുമാകും. ചെലവ്​ 20,000 രൂപയും ജി.എസ്​.ടി ശതമാനവും ചേർന്ന തുകയായിരിക്കും. റിക്രൂട്ടിങ്​ രംഗത്തെ കുറഞ്ഞ ചെലവാണിത്​. സർക്കാർ ഏജൻസിയാണെന്ന ഉത്തരവാദിത്തം റിക്രൂട്ട്​മെന്റുകൾക്കുണ്ടാവും. ഉദ്യോഗാർഥികൾക്ക്​ പൂർണ നിയമ സുരക്ഷ ഉറപ്പാക്കും. കേരളത്തിൽ നിന്നുള്ളവർക്കാണ്​ മുൻഗണന നൽകുക. എന്നാൽ യോഗ്യരായ മറ്റ്​ സംസ്​ഥാനക്കാർ അപേക്ഷിച്ചാൽ അവഗണിക്കില്ല. തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ നോർക റൂട്ട്​സ്​ വെബ്​സൈറ്റും (www.norkaroots.net) മാധ്യമങ്ങളും വഴി പരസ്യപ്പെടുത്തും. അവസരം തേടുന്നവർ www.jobsnorka.gov.in എന്ന ജോബ്​ പോർട്ടലിൽ റജിസ്​റ്റർ ചെയ്യണം.

2015 മുതൽ വിദേശ റിക്രൂട്ട്​മെന്റ്​ രംഗത്ത്​ നോർക റൂട്ട്​സുണ്ട്​. സൗദിയിലെ സ്വകാര്യമേഖലയിലേക്ക്​ നിലവിൽ വിവിധ തസ്​തികകളിൽ റിക്രൂട്ട്​മെന്റ് നടത്തിവരുന്നുണ്ട്​. സ്വകാര്യ ആരോഗ്യ സ്​ഥാപനങ്ങളിലേക്ക്​ പ്രതിമാസം 200 ഓളം റിക്രൂട്ട്​മെന്റുകളാണ്​​ നടക്കുന്നുത്​​. പൊതുമേഖലയിലെ അവസരങ്ങൾ കൂടി വരുന്നതോടെ ഈ കണക്കിൽ വലിയ വർധനയുണ്ടാവും. മാത്രമല്ല മന്ത്രാലയവുമായി ഒപ്പുവെച്ചതോടെ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളും തങ്ങളെ സമീപിച്ച്​ തുടങ്ങുമെന്നും ഡോ. രാഘവൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന്​ റിക്രൂട്ട്​ ചെയ്യാൻ സൗദി സർക്കാരിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സർക്കാർ ഏജൻസിയാണ്​ നോർക. ഒഡെപെക്​ ആണ്​ ആദ്യത്തേത്​. രണ്ടും കേരളത്തി​ന്റേതാണെന്ന പ്രത്യേകതയുമുണ്ട്​.
നോർക റൂട്ട്​സ്​ ഇതാദ്യമായാണ്​ ഒരു വിദേശ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നത്​. ഇതര​ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളുമായും സമാനമായ ഉടമ്പടിക്ക്​ ശ്രമം നടത്തും. വിദേശത്ത്​ പോകുന്ന ഉദ്യോഗാർഥികൾക്ക്​ മുൻകൂട്ടി പരിശീലനം നൽകുന്ന പദ്ധതിയും നോർക ആരംഭിച്ചിട്ടുണ്ട്​. ​സ്​കിൽ അപ്ഗ്രേഡേഷൻ ട്രെയിനിങ്​, പ്രീ ഡിപ്പാർച്ചർ ഓറിയ​ന്റേഷൻ​ പ്രോഗ്രാം എന്നിവയുടെ കീഴിൽ നിരവധി ഉദ്യോഗാർഥികൾക്ക്​ പരിശീലനം നൽകിവരുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക്​ സർട്ടിഫിക്കറ്റ്​ നൽകുന്നതിനെയും അറബി ഭാഷ പരിശീലിപ്പിക്കാനുള്ള പദ്ധതി തുടങ്ങുന്നതിനെയും കുറിച്ച്​ ആലോചിക്കുമെന്നും ഡോ. രാഘവൻ കൂട്ടിച്ചേർത്തു. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ മന്ത്രാലയം ഉ​ന്നതോദ്യോഗസ്​ഥൻ ഡോ. മുഹമ്മദ്​ അൽദഖൈതർ, നോർക റൂട്ട്​സ് ജനറൽ മാനേജർ ബി. ഗോപകുമാരൻ നായർ, സൗദി പ്രതിനിധി ശിഹാബ്​ കൊട്ടുകാട്​, ലുലു ഗ്രൂപ്​ റിയാദ്​ റീജനൽ ഡയറക്​ടർ ഷെഹീം മുഹമ്മദ്​ എന്നിവരും പ​ങ്കെടുത്തു.

തിരുവനന്തപുരത്ത്​ ‘ലോക കേരള സഭ’ സംഘടിപ്പിക്കും
റിയാദ്​: ലോകത്താകമാനമുള്ള പ്രവാസി മലയാളികളുടെയും ഇന്ത്യയിലെ ഇതര സംസ്​ഥാനങ്ങളിൽ കഴിയുന്ന മറുനാടൻ മലയാളികളുടെയും വിവിധ പ്രശ്​നങ്ങൾ ചർച്ച ചെയ്യുന്നതിന്​ നോർക റൂട്ട്​സിന്റെ ആഭിമുഖ്യത്തിൽ ‘ലോക കേരള സഭ’ സംഘടിപ്പിക്കുമെന്ന്​ സി.ഇ.ഒ ഡോ. കെ.എൻ. രാഘവൻ റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത വർഷം ജനുവരിയിലാകും സഭ ചേരുക. ഇതിന്​ വേണ്ടി പ്രവാസി സംഘടനകളുടെ റജിസ്​ട്രേഷൻ ആരംഭിച്ചിട്ടുണ്ട്​. നോർക റൂട്ട്​സി​ന്റെ വെബ്​സൈറ്റിലാണ്​ സംഘടനകൾ റജിസ്​റ്റർ ചെയ്യേണ്ടത്​. സ്വന്തം അംഗങ്ങളിൽ 500 പേർക്കെങ്കിലും നോർക തിരിച്ചറിയൽ കാർഡുള്ള സംഘങ്ങൾക്കാണ്​ സഭയിൽ പ്രാതിനിധ്യം വഹിക്കാൻ മുന്തിയ പരിഗണന ലഭിക്കുക.

ലോകത്ത്​ വിവിധയിടങ്ങളിലായി മൊത്തം 24 ലക്ഷം പ്രവാസി മലയാളികളുണ്ടെന്നാണ്​ അനുമാനം. ഇത്​ ശരിയായ കണക്കാകണമെന്നില്ല. കൃത്യമായ വിവരശേഖരണത്തിന്​ നോർക റൂട്ട്​സ്​ ശ്രമം തുടങ്ങിയിട്ടുണ്ട്​. പ്രവാസി സംഘടനകൾ വഴിയുള്ള വിവര ശേഖരണവും നടക്കുന്നുണ്ട്​. ഓൺലൈൻ റജിസ്​ട്രേഷനിലൂടെയും വിവരം ശേഖരിക്കുന്നുണ്ട്​. വിദേശത്ത്​ തൊഴിലെടുക്കുന്ന മലയാളികളുടെ തസ്​തിക തിരിച്ച്​ തന്നെയുള്ള കണക്ക്​ ശേഖരിക്കും. തിരിച്ചറിയൽ കാർഡിന്​ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടുണ്ട്​. കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷം പേർ അപേക്ഷിച്ചു. ഇത്രയും കനത്തതോതിൽ അപേക്ഷകളെത്തിയപ്പോൾ പെട്ടെന്ന്​ കൈകാര്യം ചെയ്യാനുള്ള സൗകര്യമില്ലാത്തതാണ്​ കാർഡ്​ വിതരണം വൈകിപ്പിക്കുന്നത്​.

അപേക്ഷകൾ കൈകാര്യം ചെയ്യാൻ കുടുംബശ്രീക്കാരെയും മറ്റും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്​. ഓൺലൈനിലൂടെ അപേക്ഷ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. കാർഡിനുള്ള ഫീസ്​ ഓൺലൈനായി അടക്കാനുള്ള സംവിധാനം അടുത്ത മാസത്തോടെ നിലവിൽ വരും. നോർക റൂട്ട്​സി​ന്റെ കീഴിലുള്ള സാന്ത്വനം പോലുള്ള പദ്ധതികളിലേക്ക്​ ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം വന്നിട്ടുണ്ട്​. പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ ഇതുവരെ 16,500 സ്വയം തൊഴിൽ സംരംഭകർ വായ്​പക്ക്​ അപേക്ഷിച്ചു. എന്നാൽ 1,500 പേർക്ക്​ മാത്രമേ വായ്​പ ലഭിച്ചിട്ടുള്ളൂ. നിലവിൽ പൊതുമേഖല ബാങ്കുകളിൽ നിന്ന്​ മാത്രമേ വായ്​പ കിട്ടുന്നുള്ളൂ. ഇനി സഹകരണ ബാങ്കുകളെയും പിന്നോക്ക വികസന കോർപ്പറേഷനെയും മറ്റ്​ ധനകാര്യസ്ഥാപനങ്ങളെയും വായ്​പപദ്ധതിയിൽ ഉൾപ്പെടുത്തും. അപ്പോൾ കൂടുതലാളുകൾക്ക്​ വായ്​പ കിട്ടും. വ്യവസ്​ഥ പ്രകാരം സബ്​സിഡിയും പലിശയിൽ നിരക്കിളവും നൽകുന്നുണ്ട്​. വാർത്താസമ്മേളനത്തിൽ ജനറൽ മാനേജർ ബി. ഗോപകുമാരൻ നായർ, ശിഹാബ്​ കൊട്ടുകാട്​, ലുലു ഗ്രൂപ്​ പ്രതിനിധി ഷഹീം മുഹമ്മദ്​ എന്നിവരും പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ