റിയാദ് : ഓരോ ദിവസവും സൗദിയിലെ പ്രവാസികളും നാട്ടിൽ അവരുടെ കുടുംബവും കേട്ടുണരുന്നത് തങ്ങളുടെ ഭാവിയെ ആശങ്കയിലാക്കുന്ന വാർത്തയെ കുറിച്ചായിരിക്കുന്നു. സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്തകളിലും വ്യാപകമായി പ്രചരിക്കുന്ന പല വാർത്തകളും തെറ്റായിരുന്നെന്ന് പിന്നീടാണ് തിരിച്ചറിയുക.

കവലകളിലും ചായക്കടകളിയിലും നാലാളുകൾ കൂടിയിരുന്നാൽ പിന്നെ ചർച്ച സൗദിയിലെ നിയമത്തെ കുറിച്ചാണ്. മനസ്സിലുള്ള ആശങ്കകൾ ഇക്കൂട്ടർ ചർച്ച ചെയ്യുമ്പോൾ അതിലൊരാൾ അത് നിയമമാക്കി സോഷ്യൽ മീഡിയയിലേക്ക് കടത്തിവിടും. ലൈകും ഷെയറും കൂടി പിന്നീടത് വൈറലാകും. സോഷ്യൽ മീഡിയയിൽ ഒരു വാർത്ത വൈറലായാൽ ചിലർ അത് ഏറ്റ് പിടിക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയും അറിയിപ്പുമില്ലാതെയാണ് ഇത്തരം പ്രചാരണങ്ങൾ ഒഴുകുന്നത്. ഊഹാപോഹങ്ങൾ വാർത്തകളാകുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് അത് വഴി വെക്കുന്നു.

മലയാളികൾ കൂടുതൽ തൊഴിലെടുക്കുന്ന മേഖലയാണ് ബഖാല (മിനി സൂപ്പർ മാർക്കറ്റ്). ഈ മേഖലകളിൽ സമ്പൂർണ്ണ സൗദിവൽക്കരണം എന്നതാണ് ഏറ്റവും പുതിയ കിംവദന്തി. 45 വയസ്സിന് മുകളില്ലുവരുടെ താമസ രേഖയും(ഇഖാമ) തൊഴിൽ പെർമിറ്റും പുതുക്കില്ല എന്നതായിരുന്നു മറ്റൊരു പ്രചാരണം. ആശ്രിത വിസക്കാർക്ക് സൗദി അറേബ്യ ചുമത്തിയ ലെവി രണ്ടാം ഭാര്യ, മാതാവ്, പിതാവ് എന്നിവർക്കാണ് നൽകേണ്ടതെന്നും ഭാര്യക്കും മക്കൾക്കും നൽകേണ്ടതില്ലെന്നും പ്രചാരണം മുറുകിക്കൊണ്ടിരിക്കുമ്പോൾ ജൂലൈ ഒന്ന് മുതൽ ആശ്രിത വിസയിലുള്ള എല്ലാവർക്കും ലെവി അടക്കാതെ എക്സിറ്റ് റീ-എൻട്രി കിട്ടാതെ വന്നപ്പോൾ ആ പ്രചണത്തിന് വിരാമമായി.

Read About : ബഖാലയിലെ സ്വദേശിവൽക്കരണം; വ്യാജ വാർത്തയെന്ന് തൊഴിൽ മന്ത്രാലയം

ഇതിനിടയിൽ സൗദിയിലെ പത്രത്തിലെ വാർത്ത എന്ന നിലയിൽ ലെവി പിൻവലിച്ചു എന്ന വാർത്ത വ്യാപകമായി പരന്നു. വാർത്ത തെറ്റാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പത്രം വിശദീകരണമായി വന്നപ്പോൾ ആ പുകയും കെട്ടടങ്ങി. മാർച്ച് 29 മുതൽ സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ജൂലൈ 23 ന് അവസാനിച്ചതോടെ നഗരങ്ങളിലെ പോലീസ് വാഹനങ്ങളുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന തലക്കെട്ടുകൾ നൽകി പ്രചരിപ്പിച്ചു. ഇത്തരം വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ കണ്ടയുടനെ അതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ഷെയർ ചെയ്യുന്നതാണ് ഇത്തരം വാർത്തകൾ നിർമിക്കുന്നവർക്ക് പ്രേരണയാകുന്നത് . അറിഞ്ഞോ അറിയാതെയോ പലരും ഈ വ്യാജ പ്രചാരങ്ങളുടെ വാഹകരാകുന്നു.

സൗദി അറേബ്യയുടെ എല്ലാ മന്ത്രാലയങ്ങൾക്കും ഔദ്യോഗിക സൈറ്റുകളുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളും പുതിയ നിയമങ്ങളും അതിൽ അതാത് സമയങ്ങളിൽ രേഖപ്പെടുത്തും. ഇതിന് പുറമെ സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ SPA യും കൃത്യമായ വിവരങ്ങൾ യഥാസമയത്ത് പുറത്ത് വിടുന്നുണ്ട്. ഇങ്ങനെയൊക്കെ വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കെ ഇത്തരം കള്ള പ്രചാരങ്ങളുടെ പ്രചാരകാരാകരുതെന്ന് വിവിധ മന്ത്രാലയങ്ങൾ അറിയിച്ചു.
വാർത്ത : നൗഫൽ പാലക്കാടൻ

Read More: പ്രവാസം പ്രതിസന്ധിയുടെ തീരത്ത്, അണയാൻ തീരമില്ലാതെ പ്രവാസി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ