റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവത്കരണം ശക്തിപ്പെട്ടതോടെ തൊഴിൽ രഹിതരായ വിദേശികളുടെ എണ്ണത്തിൽ വൻ വർധനവ്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കാരണം അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികൾ രാജ്യം വിടുമെന്നാണ് സാമ്പത്തിക മാധ്യമങ്ങൾ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 11 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ കണക്ക്. എന്നാൽ പുതിയ വർഷത്തിൽ അത് 12.8 ശതമാനമായി ഉയർന്നു. 2017 ആദ്യത്തിൽ ഇത് 12.7 ശതമാനമായിരുന്നു.

ഈ വർഷം രണ്ടാം പാദത്തിൽ 13,400 സ്വദേശികൾ തൊഴിലന്വേഷകരായി വന്നിട്ടുണ്ട്. വിവിധ കാരണങ്ങളാൽ തൊഴിൽ നഷ്‌ടപ്പെടുന്നവരിൽ വിദേശികളാണ് കൂടുതൽ. ധാരാളം സ്വദേശികൾ തൊഴിൽ തേടുന്നുണ്ട്. ഇതിൽ 50 .5 ശതമാനം യുവാക്കളാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ഷോപ്പിങ് മാളുകളിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കി തുടങ്ങി. ഇതുമൂലം ആയിരക്കണക്കിന് വിദേശികളാണ് തൊഴിൽ രഹിതരായത്. മൊബൈൽ ഫോൺ വിൽപന മേഖലയിൽ സമ്പൂർണ സൗദിവത്കരണം വന്നതോടെ മലയാളികൾ ഉൾപ്പടെ പതിനായിരങ്ങൾക്കാണ് ജോലി നഷ്‌ടമായത്‌.

2018 മാർച്ച് 18 ഹിജ്‌റ വർഷം റജബ് ഒന്ന് മുതൽ കാറുകൾ വാടകക്ക് നൽകുന്ന റെന്റ് എ കാർ മേഖലയും പൂർണ സ്വദേശിവത്കരണത്തിൽ വരും. മറ്റ് മേഖലകൾ അപേക്ഷിച്ച് ഇന്ത്യക്കാർ കുറവാണെങ്കിലും ഈ മേഖലയിലും നിരവധി വിദേശികൾ ജോലി ചെയ്യുന്നുണ്ട്. അടുത്ത വർഷം പകുതിയോടെ വനിതകൾക്ക് ലൈസൻസ് നൽകാനുള്ള നിയമം നടപ്പാകും. ഇതോടെ ഹൗസ് ഡ്രൈവർ ജോലി നോക്കുന്ന വിദേശികളും ജോലി നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലാണ്.

വാര്‍ത്ത: നൗഫല്‍ പാലക്കാടന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ