റിയാദ്: ജനാദ്രിയ ദേശീയ പൈതൃകോത്സവത്തിന് അതിഥി രാജ്യമായ ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി അംബാസഡർ അഹമ്മദ് ജാവേദ് അറിയിച്ചു. രാജ്യത്തിന് നൽകിയ അംഗീകാരത്തിന് സൗദി ഭരണാധികാരികളെ അംബാസഡർ നന്ദിയറിയിച്ചു. മുപ്പത്തി രണ്ടാമത് ജനാദ്രിയ ഉത്സവത്തിന് ഫെബ്രുവരി ഏഴിന് കൊടിയേറുമ്പോൾ ഇന്ത്യക്കത് അഭിമാന മുഹൂർത്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിഥി രാജ്യങ്ങൾക്കായി അനുവദിക്കുന്ന വിശാലമായ പവലിയനിൽ ഇന്ത്യയുടെ വിവിധ സ്റ്റാളുകൾ ഒരുങ്ങും. പവലിയനിൽ ബോളിവുഡ് സിനിമയുടെ പ്രദർശനമുണ്ടാകും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറുന്ന ഉത്സവത്തിൽ ജിസിസി രാഷ്​ട്രങ്ങളുടെ പ്രതിനിധികൾ പ്രത്യേക അതിഥികളായി പങ്കെടുക്കും. ഉദ്​ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉന്നതതല സംഘമെത്തുമെന്നും അംബാസഡർ അറിയിച്ചു. സൗദി അറേബ്യയുടെ വിവിധ ഗ്രാമങ്ങളിൽ കർഷകരും കാർഷികവിളകളും പ്രദർശനത്തിനെത്തും. പുരാതന അറേബ്യ പുനർജനിക്കുന്ന ഉത്സവ നഗരിയിലേക്ക് സ്വദേശികളും വിദേശികളും ഒരു പോലെ ഒഴുകും. അതിഥി രാജ്യമായതിനാൽ ഇത്തവണ ഇന്ത്യൻ പ്രവാസികൾ നഗരിയിലേക്ക് കൂടുതലെത്തും. ഉത്സവം കാണാനെത്തുന്നവരെ ആകർഷിക്കും വിധം പവലിയൻ ഒരുക്കാനുള്ള സജീവ ശ്രമത്തിലാണ് ഇന്ത്യൻ എംബസ്സി. വാണിജ്യ വിഷയങ്ങളിൽ സെമിനാറുകളും ബിസിനസ്​ മീറ്റുകളും നടക്കും.

ആയൂർവേദ, യോഗ, പ്രകൃതി ചികിൽസ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉൾപ്പെടുന്ന ആയുഷ്​, ടൂറിസം, ഷിപ്പിങ്​, കൈത്തറി, ഫുഡ്​ പ്രോസസിങ്​, വ്യവസായം തുടങ്ങിയ വിവിധ വകുപ്പുകളുടെയും ഇൻഡസ്​ട്രിയൽ പോളിസി ആൻഡ്​ പ്രമോഷൻ ഡിപാർട്ട്​മെന്റ് (ഡിപ്പ്​), ഓർഡനൻസ്​ ഫാക്​ടറി ബോർഡ്​, ബഹിരാകാശ വകുപ്പ്​ എന്നിവയുടെയും എൽ ആൻഡ്​ ടി, ടാറ്റ മോട്ടോഴ്‌സ്​, ലുലു ഗ്രൂപ്​, ഐടിഎൽ എന്നീ കോർപറേറ്റ്​ സ്ഥാപനങ്ങളുടെയും ടിപിസിഐ, ഇനോക്​സ്​, ഷപൂർജി പല്ലൻജി, അബീർ മെഡിക്കൽ ഗ്രൂപ്​, ജെറ്റ്​ എയർവേയ്​സ്​, ആസ്​റ്റർ മെഡിക്കൽ ഗ്രൂപ്​ തുടങ്ങിയ സ്വകാര്യ കമ്പനികളുടെയും പങ്കാളിത്തത്തിലാണ്​ സ്​റ്റാളുകൾ ഒരുങ്ങുന്നത്​.

ഹാളിന്​ പുറത്ത്​ ഓപ്പൺ എയർ സ്​റ്റേജിൽ ഇന്ത്യൻ കലാരൂപങ്ങൾ എല്ലാ ദിവസവും അരങ്ങേറും. കേരളത്തിന്റെ പൈതൃകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്​, പുർലിയ ചാവു, ഭാംഗ്ര എന്നീ കലാരൂപങ്ങളും എത്തും. പുറമെ പ്രശസ്​ത ഇന്ത്യൻ സിനിമകളുടെ പ്രദർശനവുമുണ്ടാവും. രാംപൂർ റാസ ലൈബ്രറിയിൽ നിന്നുള്ള അറബിക്​ കാലിഗ്രാഫിയിനങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സ്​കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രവാസികളുടെ കലാപരിപാടികളും പ്രദർശന സ്​റ്റാളുകളുമെല്ലാം ഇന്ത്യൻ സെഷനിൽ ഉൾപ്പെടും.

യോഗ പ്രകടനം എല്ലാ ദിവസവും വൈകീട്ട്​ 4.30 മുതൽ 5.30 വരെയാണ്​. സാംസ്​കാരിക പരിപാടികൾ വൈകീട്ട്​ ആറ്​ മുതൽ ഒമ്പത്​ വരെയും. സിനിമ പ്രദർശനം രാത്രി 11 മുതൽ 12.30 വരെയും. ഇന്ത്യ-സൗദി വാണിജ്യ ഇടപാടുകളെ കുറിച്ച്​ ഫെബ്രുവരി 12ന്​ ഇൻറർകോണ്ടിനെൻറൽ ഹോട്ടലിൽ സെമിനാർ നടക്കും. ​11ന്​ സൗദി കൺസിൽ ഓഫ്​ ചേംബേഴ്‌സും ഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയും (ഫിക്കി) സംയുക്തമായി മേക്കിങ്​ ഇന്ത്യ വിഷയത്തിൽ സെമിനാർ നടത്തും. വാർത്താസമ്മേളനത്തിൽ ഡിസിഎം ഡോ.സുഹൈൽ അജാസ്​ ഖാൻ, ഫസ്​റ്റ്​ സെക്രട്ടറി ഹിഫ്​സുറഹ്​മാൻ എന്നിവരും പങ്കെടുത്തു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook