റിയാദ് : അപ്രതീക്ഷിതമായ പൊടിക്കാറ്റ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അന്തരീക്ഷത്തില്‍ കണ്ട പൊടി ക്രമേണ ശക്തമായ പൊടിക്കാറ്റായി മാറുകയായിരുന്നു. മധ്യപ്രവിശ്യയില്‍ റിയാദ,് അല്‍ഖര്‍ജ്, മജ്മഅ, ശഖ്‌റ, കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാം, അല്‍ഖോബാര്‍, എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പൊടിക്കാറ്റ് ശക്തമായത്.

വ്യാഴാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയിലെ ജിദ്ദ, മക്ക തുടങ്ങിയ മേഖലകളിലാണ് പൊടിക്കാറ്റ് തുടങ്ങിയത്. കാഴ്ച അവ്യക്തമായതോടെ എക്‌സ്പ്രസ് റോഡുകളിലടക്കം ഗതാഗതം മന്ദഗതിയിലായി. ചിലയിടങ്ങളില്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാരാന്ത്യ അവധി ആഘോഷിക്കാന്‍ മാളിലും പാര്‍ക്കിലും എത്തിയവര്‍ പൊടിക്കാറ്റില്‍ കുടുങ്ങി. അന്തരീക്ഷ ഉക്ഷ്മാവ് കുറവാണെങ്കിലും പൊടിപടലം നിറഞ്ഞ വരണ്ട കാലാവസ്ഥയും കാറ്റും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പൊടിക്കാറ്റും രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊടിക്കാറ്റ് മൂലം നിരവധിയാളുകളാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ