ജിദ്ദ: സൗദി സ്ത്രീകൾക്ക് യാത്ര ചെയ്യാനോ പാസ്‌പോർട്ട് ലഭിക്കാനോ “പുരുഷ രക്ഷാധികാരിയുടെ” അനുമതി ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സൽമാൻ രാജാവ് ഒപ്പിട്ട ഉത്തരവ് സൂചിപ്പിക്കുന്നു. ഓരോ സൗദി പൗരനും പാസ്‌പോർട്ട് നേടാനുള്ള അവകാശത്തെ വ്യക്തമായി ഊന്നിപ്പറയുന്ന ഉത്തരവിൽ പ്രായപൂർത്തിയാകാത്തവർക്ക് മാത്രം ഒരു രക്ഷിതാവിന്റെ അംഗീകാരത്തിന്റെ ആവശ്യകത മതിയെന്നും പറയുന്നുണ്ട്.

ലിംഗ സമത്വം സമൂഹത്തിൽ ഉയർന്നു വരണമെന്ന ആവശ്യം മുൻനിർത്തിയാണ് പുതിയ മാറ്റങ്ങൾ. മാത്രമല്ല ഇതിന് മുൻപുണ്ടായിരുന്ന സ്ത്രീകൾക്ക് സവിശേഷമായുണ്ടായിരുന്ന നിയന്ത്രണങ്ങളൊന്നും ഇതിൽ പ്രസ്താവിക്കുന്നില്ല. ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പുരുഷനായ ബന്ധുവിന്റെയോ അനുവാദം വേണമായിരുന്നു. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു.

സൽമാൻ രാജാവും അദ്ദേഹത്തിന്റെ മന്ത്രിസഭയും അംഗീകരിച്ച പുതിയ ചട്ടങ്ങൾ, 21 വയസും അതിൽ കൂടുതലുമുള്ള ഏതൊരു വ്യക്തിക്കും മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്താനും ഏതെങ്കിലും പൗരന് സ്വന്തമായി സൗദി പാസ്‌പോർട്ടിനായി അപേക്ഷിക്കാനും അനുവദിക്കുന്നു.

പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യാനുമുള്ള അവകാശം നൽകുന്നതടക്കം സമൂഹത്തിലെ സൗദി സ്ത്രീകളുടെ നിലവാരം ഉയർത്തുന്നതിനാണ് ഭേദഗതികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് രാജകുമാരി റീമ ബിന്ത് ബന്ദർ ട്വീറ്റ് ചെയ്തു.

തെറ്റായ രീതിയിലുള്ള പാരമ്പര്യങ്ങളും ആചാരങ്ങളും, പരിമിതമായ മതപരമായ കാഴ്ചപ്പാടുകളും കാരണം സ്ത്രീകൾക്കെതിരെ ധാരാളം അനീതികൾ നിലനിൽക്കുന്ന സമൂഹത്തിൽ മാറ്റങ്ങൾ ആവശ്യമായിരുന്നെന്ന് ശൂറ കൗൺസിൽ അംഗം ഡോ.ഇഖ്ബാൽ ദരാന്തരി പറഞ്ഞു.

സൗദി വിഷൻ 2030 ആരംഭിച്ചതിനുശേഷം വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകിയാണ് അധികൃതരുടെ നടപടികൾ. രാജ്യത്തെ തൊഴിൽ, സിവിൽ നിയമത്തിലെ പുതിയ മാറ്റങ്ങളിൽ താൻ സന്തോഷവതിയാണെന്ന് യുഎസിലെ സൗദി അറേബ്യയുടെ അംബാസഡർ റീമ ബന്ദർ അൽസൗദ്‌ രാജകുമാരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook