റിയാദ്: ചെങ്കടലില്‍ കപ്പലില്‍വച്ച് ബോധം നഷ്ടപ്പെട്ട ഇന്ത്യന്‍ നാവികനെ സൗദി അതിര്‍ത്തി സുരക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗദി അറേബ്യയുടെ തുറമുഖ നഗരമായ ജിസാനില്‍നിന്ന് 51 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവമുണ്ടായത്. നാവികന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 40 വയസുള്ള നാവികന്റെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.

ജിബൂത്തിയുടെ പതാക വഹിച്ച ‘മര്‍ഖബ്’ എന്ന ചരക്കു കപ്പലില്‍നിന്നാണു സഹായം തേടി വിളിയെത്തിയത്. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേനയും ജിദ്ദ മാരിടൈം റസ്‌ക്യൂ ആന്‍ഡ് സെര്‍ച്ച് സെന്റര്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ജീസാന്‍ തുറമുഖത്തെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഉടന്‍ കപ്പലിനടുത്തേക്കു തിരിച്ചു.

ജീസാന്‍ അതിര്‍ത്തി രക്ഷാസേനയുടെ ‘ഫുര്‍സാന്‍’ എന്ന കപ്പലിലാണ് റസ്‌ക്യൂ ടീം പുറപ്പെട്ടത്. കപ്പലിലെത്തി നാവികന് അവിടെ വച്ച് പ്രഥമശശ്രൂഷ നല്‍കിയശേഷം കരയിലേക്കു കൊണ്ടുവന്നു. തുടര്‍ന്ന് അലെമിസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1979ലെ രക്ഷാപ്രവര്‍ത്തന, തിരച്ചില്‍ കരാറിന്റെയും മാനുഷിക പരിഗണയുടെയും അടിസ്ഥാനത്തിലാണു നാവികനെ രക്ഷപ്പെടുത്തിയതെന്ന് അതിര്‍ത്തി രക്ഷാസേനാ വക്താവ് ലഫ്റ്റനന്റ് കേണല്‍ മുസ്ഫര്‍ അല്‍ഖുറൈനി പറഞ്ഞു.

”വിവരം ലഭിച്ച ഉടനെ കപ്പലിന്റെ സ്ഥാനം നിര്‍ണയിക്കുകയും കപ്പലിനടുത്തെത്തുകയും ചെയ്തു. രോഗിയെ സൗദി കപ്പലിലേക്കു മാറ്റി ജിസാനിലെ അമീര്‍ അഹമ്മദ് ബിന്‍ അസീസ് നേവി പോര്‍ട്ടിലെത്തിച്ചു. പിന്നീട് ആശുപത്രിയിലേക്കു മാറ്റി,” അല്‍ഖുറൈനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook