റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താൽക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. വിലക്ക് ഇന്ന് രാത്രി ഒൻപതു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ യുഎഇ, ഈജിപ്റ്റ് എന്നിവയ്ക്ക് പുറമെ ലെബനൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്. യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മ്മനി, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. യുഎസ്, അർജന്‍റീന, ബ്രസീൽ, പാക്കിസ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയവയാണ് താത്കാലിക വിലക്ക് പട്ടികയിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ.

ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് ഇവരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

Read More: സൗദിയിലെ യാത്രാവിലക്ക് നീട്ടി; അതിർത്തികൾ മാർച്ച് 31ന് തുറക്കില്ല

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. പൗരന്മാരും സൗദിയിലെ താമസക്കാരും കോവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സൗദി ആരോഗ്യമന്ത്രി തവ്ഫിക് അൽ റബിയ ഞായറാഴ്ച മുന്നറിയിപ്പ് നൽകിയതിനെ പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

സൗദി അറേബ്യയിൽ ഇതുവരെ 3,68,000 കൊറോണ വൈറസ് കേസുകളും 6,400 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൾഫ് അറബ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ജൂണിൽ റിപ്പോർട്ട് ചെയ്ത അയ്യായിരത്തോളം വരുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് ജനുവരി ആദ്യ 100 ൽ താഴെയായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രതിദിന കേസുകൾ മൂന്നിരട്ടിയായി വർധിച്ചു. ചൊവ്വാഴ്ച 310 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫൈസർ-ബയോ‌ടെക് വാക്സിൻ ലഭിച്ചതിനു ശേഷം ഡിസംബർ 17 നാണ് സൗദി അറേബ്യ കൊറോണ വൈറസ് വാക്സിനേഷൻ ക്യാംപെയിൻ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിനേഷൻ നടക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 65 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത അസുഖമുള്ളവർ അല്ലെങ്കിൽ കോവിഡ് ബാധയുടെ സാധ്യത കൂടുതലുള്ളവർ തുടങ്ങി മൂന്ന് വിഭാഗങ്ങളിലായാണ് നടപടികൾ ആരംഭിക്കുക. എന്നാൽ, വാക്‌സിൻ വിതരണം കാലതാമസം നേരിട്ടതിനെത്തുടർന്ന് പരിപാടികൾ മന്ദഗതിയിലായതായി കഴിഞ്ഞ മാസം മന്ത്രാലയം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook