റിയാദ്: ഒന്നാമത് സൗദി ആർക്കിയോളജി കൺവെൻഷന് ഇന്ന് റിയാദിൽ തിരശ്ശീല ഉയരും. രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ആർക്കിയോളജി കൺവെൻഷൻ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് (ചൊവ്വാഴ്ച) ആരംഭിക്കുന്ന കൺവെൻഷൻ നവംബർ ഒമ്പതിന് വ്യാഴാഴ്ച അവസാനിക്കും. ചരിത്ര സമ്മേളനത്തിന്റെ പ്രധാന വേദി റിയാദ് നാഷണൽ മ്യൂസിയമാണ്. ഇന്ന് വൈകീട്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മ്യൂസിയവും പ്രദർശന നഗരിയും സന്ദർശകർക്കായി തുറന്ന് കൊടുക്കും.

ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം കൺവെൻഷനിൽ പങ്കെടുക്കാൻ റിയാദിലെത്തിയിട്ടുണ്ട്. നിരവധി പ്രദർശന സ്റ്റാളുകളും ബോധവത്‌കരണ ക്യാമ്പുകളും കൺവെൻഷന്റെ ഭാഗമായി നഗരിയിലുണ്ടാകും. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും പുതു തലമുറക്ക് പകർന്ന് കൊടുക്കാൻ പ്രതേകം സെന്ററുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ ജോലി സാധ്യതകളെ കുറിച്ച് നഗരി സന്ദർശിക്കുന്നവർക്ക് മാർഗനിർദേശം നൽകും. സൗദി അറേബ്യയിൽ തിരിച്ചെത്തിച്ച പുരാവസ്തുക്കളുടെ പ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

സൗദി ഹാൻഡിക്രാഫ്റ്റ്, ഫൈൻ ആർട്സ്, സൗദി ജിയോളജിക്കൽ സർവേ ഉൾപ്പടെ പന്ത്രണ്ടോളം വകുപ്പുകളുടെ പ്രദർശനം കളേഴ്സ് ഓഫ് സൗദിയുടെ ചരിത്ര വഴികളിലൂടെയുള്ള ചിത്ര പ്രദർശനവും സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും. ആഭ്യന്തര മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സൗദി കസ്റ്റംസ്, സൗദി അറാംകോ തുടങ്ങി പതിനഞ്ചോളം വരുന്ന പ്രമുഖ വകുപ്പുകളാണ് പരിപാടിയുടെ സംഘാടകർ. സൗദി അറേബ്യയിലെ പ്രധാന ചരിത്ര സംഭവങ്ങൾ പരിചയപ്പെടുത്താൻ ചിത്രങ്ങളും കെട്ടിടങ്ങളുടെ രൂപങ്ങളും പ്രദർശനത്തിനായി ഒരുങ്ങിയിട്ടുണ്ട്. ബത്ഹയോട് ചേർന്ന് കിടക്കുന്ന സമ്മേളന നഗരിയിലേക്ക് ആർക്കും പ്രയാസം കൂടാതെ എത്താൻ കഴിയും വിധം വഴികളും പ്രത്യേക വാഹന പാർക്കിങ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ