റിയാദ്: സൗദി അറേബ്യയിലെ നജ്റാനിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ പൂണ വിവരങ്ങൾ പുറത്ത്. തീപിടുത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടും. പരിക്കേറ്റ ആറു പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

മലപ്പുറം വള്ളിക്കുന്ന്​ നെറു​ങ്കൈതക്കോട്ട ക്ഷേത്രത്തിന്​ സമീപം കിഴക്കേമല കോട്ടാ​ശ്ശേരി ശ്രീനിവാസ​​​ന്റെയും പത്​മിനി അമ്മയുടെയും മകൻ ശ്രീജിത്ത്​ (25 വയസ്, പാസ്പോർട് നന്പർ K 3048096), കടക്കാവൂർ കമ്പാലൻ സത്യൻ(50 വയസ്, പാസ്പോർട് നന്പർ H708201)​,​ വർക്കല സ്വദേശി ബൈജു രാഘവൻ(26 വയസ് പാസ്പോർട് നന്പർ K4363057) എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീജിത്ത്​ വിവാഹനിശ്ചയം കഴിഞ്ഞ്​ മൂന്നാഴ്​ച മുമ്പാണ്​ സൗദിയിലേക്ക്​ മടങ്ങിയത്​.

തമിഴ്​നാട്​ ചിലപ്പകം മുരുകാനന്ദൻ കലിയൻ, മുഹമ്മദ്​ വസീം അസീസുറഹ്​മാൻ, ഗൗരി ശങ്കർ ഗുപ്​ത, വസീം അക്രം, ഫായിസ്​ അഹമദ്​, അതീഖ്​ അഹമദ്​ സമദ്​ അലി, തബ്രജ്​ ഖാൻ, പരസ് കുമാർ സുബൈദാർ എന്നിവരാണ്​​ മരിച്ച മറ്റ്​ ഇന്ത്യക്കാർ

അപകടത്തില്‍ ഒരു ബംഗ്ലാദേശിയും മരിച്ചിട്ടുണ്ട്. ദുര്‍ബ ജനറല്‍ ആശുപത്രി, നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ബുധനാഴ്ച പുലര്‍ച്ചെ സൗദി സമയം നാലിനാണ് തീപിടുത്തമുണ്ടായത്. ഇവര്‍ താമസിച്ച ജനല്‍ ഇല്ലാത്ത മുറിയില്‍ തീപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനല്‍ ഇല്ലാത്തതിനാല്‍ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

അതിനിടെ അപകടം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ജിദ്ദയിലെ കൗണ്‍സില്‍ ജനറലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook