റിയാദ്: സൗദി അറേബ്യയിൽ ആറു തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. വ്യോമയാന തൊഴിലുകൾ, വാഹന പരിശോധന ജോലികൾ, തപാൽ സേവനങ്ങൾ, പാഴ്സൽ ഗതാഗതം, ഉപഭോക്തൃ സേവന ജോലികൾ, ഏഴ് സാമ്പത്തിക മേഖലയിലെ വിൽപ്പന ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണു പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഘട്ടം ഘട്ടമായാണു സ്വദേശിവൽക്കരണം നടപ്പിലാക്കുക. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഇത് തിരിച്ചടിയാകും. രാജ്യത്തെ യുവതീ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതിനാണ് പുതിയ തീരുമാനം. ഇതിലൂടെ 33,000 ലേറെ തൊഴിലവസരങ്ങൾ സ്വദേശികൾക്കു ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ആദ്യഘട്ടം 2023 മാർച്ച് 15 നാണ് ആരംഭിക്കുക. രണ്ടാംഘട്ടം 2024 മാർച്ച് നാലു മുതലാണ് ആരംഭിക്കുക. നാലോ അതിലധികമോ പേർ ജോലി ചെയ്യുന്ന സൗദിയിലെ എല്ലാ ഒപ്റ്റിക് സ്ഥാപനങ്ങളിലും 2023 മാർച്ച് 18 മുതൽ 50 ശതമാനം ജീവനക്കാർ സ്വദേശികളാവണം. പ്രഖ്യാപനം വന്ന 12 മാസത്തിനുശേഷം നിയമ പ്രാബല്യത്തിൽ വരും.