റിയാദ്: വാരാന്ത്യ അവധിയായതിനാൽ ജനാദ്രിയയിൽ രണ്ട് ദിവസമായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച വൈകീട്ട് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ജനാദ്രിയ ഉത്സവം ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ചയോടെ നഗരി സജീവമായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും സൗദിയിൽ പൊതു അവധിയായതിനാൽ മറ്റ് പ്രാവശ്യകളിലുള്ളവർ രണ്ട് ദിവസമായി റിയാദിൽ തങ്ങുകയാണ്. ഹോട്ടലുകളും അപ്പാർട്ടുമെന്റുകളും നേരത്തെ ബുക്ക് ചെയ്താണ് പലരും എത്തിയിട്ടുള്ളത്. ഇന്ന് മടങ്ങുന്ന പലരും അടുത്ത ആഴ്ച കുടുംബവുമായി വീണ്ടുമെത്തും.

ഫെബ്രുവരി 12 തിങ്കൾ മുതൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായിരിക്കും പ്രവേശനം. ഇനിയുള്ള ദിവസങ്ങളിൽ ബാച്ചിലേഴ്‌സിന് പ്രവേശനം അനുവദിക്കില്ല. അടുത്ത വാരാന്ത്യ അവധി തുടങ്ങുന്ന ദിവസങ്ങളിൽ സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും കുടുംബങ്ങൾ ധാരാളം റിയാദിലെത്തും. ഇതിനകം പതിനായിരങ്ങളാണ് നഗരി സന്ദർശിച്ചത്. വാരാന്ത്യ ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെയും നാഷണൽ ഗാർഡും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

saudi janadriya fest indian center.

ഈ വർഷത്തെ അതിഥി രാജ്യമായ ഇന്ത്യൻ പവലിയനിലും സന്ദർശകരേറെയാണ്. പവലിയന് പുറത്ത് സജ്ജീകരിച്ച സ്റ്റേജിൽ ഇന്ത്യയുടെ തനത് കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. ഇത് കാണാൻ അറബികളുൾപ്പടെയുള്ളർ വേദിക്ക് പുറത്ത് കൂടുന്നുണ്ട്. അംബാസഡർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പവലിയനിന്റെ മേൽ നോട്ടം വഹിക്കുന്നത്. സൗദിയിൽ വിവിധ മന്ത്രാലയങ്ങളും അവരുടെ സേവനങ്ങളും പരിചയപ്പെടുത്തുന്നതിന് പ്രത്യേകം സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കുട്ടികൾക്കായി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് വിവിധ പരിപാടികളാണ് ഒരുങ്ങുന്നത്.

പരമ്പരാഗത അറേബ്യൻ ചന്തകൾ, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടുകൾ, കൃഷിയിടങ്ങളുടെ പുനർ നിർമിതി തുടങ്ങി ഒട്ടേറെ കൗതുകങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. അസീർ പ്രവിശ്യയിൽ നിന്നെത്തിയവരുടെ പരമ്പരാഗത കലകൾ ആസ്വദിക്കാനും, തേനും കര കൗശല വസ്തുക്കളും കാണാനും വാങ്ങുന്നതിനും പവലിയനിൽ തിരക്കാണ്. അടുത്ത വാരാന്ത്യം തുടങ്ങുന്നതോടെ ഗതാഗത നിയന്ത്രണത്തിന് റിയാദ് ട്രാഫിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്യും.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ