റിയാദ്: റമദാൻ വ്രതകാലത്ത് മധ്യപൂർവേഷ്യയിലെ തീന്മേശകളിൽ നിന്ന് ഒഴിവാക്കാനാവാത്തതാണ് ഈന്തപ്പഴവും അതുകൊണ്ടുണ്ടാക്കിയ വിഭവങ്ങളും. വിവിധയിനം ഈന്തപ്പഴങ്ങൾ സൗദിയിലെ റമദാൻ ചന്തകളിൽ ആഴ്ചകൾക്ക് മുൻപേ വിൽപ്പനയ്ക്കെത്തി.

ഇത് ഈന്തപ്പഴം വിളവെടുപ്പിന്റെ കാലമല്ലെങ്കിലും വർഷം മുഴുവൻ വിപണികളിൽ ലഭ്യമാക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൗദിക്ക് കഴിയുന്നുണ്ട്. ഉൽപ്പാദനത്തിലെ പുതിയഗവേഷണങ്ങളും ആധുനികരീതിയിലുള്ള സംസ്കരണവും സംഭരണവുമാണ് സൗദിയുടെ ഈ രംഗത്തുള്ള കുതിച്ചുചാട്ടത്തിന് കാരണമായത്. വേനലിന്റെ അവസാനത്തിൽ ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയാണ് ഈന്തപ്പഴത്തോട്ടങ്ങളില്‍ വിളവെടുപ്പ് നടക്കുന്നത്.

dates in ramdan, ramzan,

വിപണി ലക്ഷ്യമാക്കി അല്‍ഖസീമിലെയും കിഴക്കൻ പ്രവിശ്യയായ അൽഹസ്സയിലുമടക്കം സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഈന്തപ്പഴ ഉൽപ്പാദനം കൂട്ടാനും ചന്തകൾ വിപുലമാക്കാനും വിപണനത്തിനാവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നേരത്തെ രൂപം നൽകിയ പദ്ധതികൾ വിജയം കാണുകയായിരുന്നു.

ഇതിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനം നടക്കുന്നത് അൽ ഖസീം പ്രവിശ്യയിലാണ്. പുരാതന കാലം തൊട്ടേ അല്‍ ഖസീം പ്രവിശ്യയിലെ ഈന്തപ്പഴ കൃഷിയും ഈന്തപ്പഴ ചന്തയും പ്രശസ്തമാണ്. പ്രവിശ്യയിലെ സാമ്പത്തിക വളര്‍ച്ചയില്‍ കൃഷി വിശിഷ്യാ ഈന്തപ്പഴ കൃഷി നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

ഈജിപ്തിനും ഇറാനും അൾജീരിയക്കും ശേഷം ഏറ്റവും കൂടതല്‍ഈന്തപ്പഴം ഉൽപ്പാദനം നടക്കുന്നത് സൗദിയിലാണ്. 300ലധികം ഇനം ഈന്തപ്പഴങ്ങളാണ് സൗദിയിലെ കാരക്കത്തോട്ടങ്ങളിൽ വിളയുന്നത്. ഉൽപ്പാദനത്തിന്റെ 6.8 ശതമാനം മാത്രമാണ് കയറ്റുമതിയുള്ളത്. ആഭ്യന്തരവിപണയിൽ തന്നെ ആവശ്യക്കാരേറിയതും മികച്ച വില ലഭ്യമായതാണ് ഇതിനു കാരണമായി പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ