റിയാദ്: സൗദിയില്‍ വനിതകള്‍ക്കും ഡ്രൈവിങ്​ ലൈസന്‍സുകള്‍ ലഭ്യമായതിനു പിന്നാലെ ഇരുചക്ര വാഹനങ്ങളിലും പരീക്ഷണം നടത്താൻ വനിതകൾ ഒരുങ്ങുന്നു. ശാക്തീകരണചിന്ത വനിതകൾക്ക്​ ഉണ്ടാക്കാൻ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത്​ വഴി സാധിക്കുമെന്ന്​ തബൂക്കിലെ ബാങ്ക്​ ഉദ്യോഗസ്​ഥ ആലിയ അബുദുഹൈർ പറയുന്നു. ചെറുപ്പം മുതൽ തന്നെ ബൈക്കുകളിൽ തനിക്ക്​ അതിയായ ഹരം ഉണ്ടായിരുന്നതായി അവർ കൂട്ടിച്ചേർക്കുന്നു.

ബൈക്കുകൾ എ​​​​​​ന്റെ മനോഹരമായ ബാല്യകാലത്തെ ഓർമിപ്പിക്കും. അന്ന്​ ഞങ്ങൾ കടൽത്തീരങ്ങളിൽ ബൈക്കുകൾ ഓടിച്ചിരുന്നു. അതെനിക്ക്​ സന്തോഷവും സ്വാതന്ത്ര്യ​ബോധവും നൽകും. കാറിനേക്കാൾ ഒരു മോ​​ട്ടോർ സൈക്കിൾ ഓടിക്കാനാണ്​ ഞാനിപ്പോൾ കൊതിക്കുന്നത്​. അതിന്​ വേഗതയുണ്ട്​. പാർക്കിങ്​ തലവേദനകളില്ല. സ്വാതന്ത്ര്യത്തി​​​​​​ന്റെ ഊഷ്​മളത അനുഭവിക്കാം, ആലിയ അബുദുഹൈർ സൂചിപ്പിച്ചു.

ചിക്കാഗോയിൽ മാർക്കറ്റിങ്​ ബിരുദത്തിനു പഠിക്കുന്ന ശഹദ്​ അൽഹാർബിയെന്ന സൗദി യുവതിക്കും ഇതേ അഭിപ്രായമാണ്​. ഹാർലി ഡേവിസാണ്​ ലോകത്തെ ഏറ്റവും മികച്ച ബൈക്ക്​ എന്നാണ്​ ഇരുവരുടെയും പക്ഷം. ഏതു ബൈക്ക്​ പ്രേമിയുടെയും സ്വപ്​നമാണ്​ ഹാർലി ഡേവിസൺ. സൗദിയിലും ഈ ബ്രാൻഡ്​ ഏറെ ജനപ്രിയമാണ്​. അതി​​​​​​ന്റെ സവിശേഷമായ ഡിസൈൻ ആകർഷകമാണ്​. പിന്നെ ആ കരുത്തും ആഡംബരവും – ആലിയ പറയുന്നു.

സുരക്ഷാ പ്രശ്​നങ്ങൾ കാരണം രക്ഷിതാക്കൾ തങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കില്ലെന്ന സ​ന്ദേഹത്തിലാണ്​ ഇരുവരും. 2004 മുതൽ ഹാർലി ഡേവിസൺ സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്​. റിയാദിലാണ്​ ആദ്യഷോറൂം വന്നത്​. പിന്നീട്​ ജിദ്ദയിലും അൽഖോബാറിലും തുറന്നു. എല്ലാത്തരം ഹാർലി​ ഡേവിസൺ ബൈക്കുകളും വനിതകൾക്കും ഉപയോഗിക്കാനാവുന്നതാണെന്നും അവർക്ക്​ ഏതുതരം സേവനം നൽകാൻ സന്നദ്ധമാണെന്നും കമ്പനിയുടെ സൗദി സിഇഒ മിശ്​അൽ അൽ മുതലഖ്​ പറഞ്ഞു.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook