ജിദ്ദ: ഫുട്ബോൾ സ്റ്റേഡിയത്തിൽ എത്തി ഇഷ്ട ടീമുകളുടെ കളി കാണാനുള്ള വിലക്ക് നീങ്ങിയത് ആഘോഷമാക്കി സൗദി വനിതകൾ. വെള്ളിയാഴ്ച ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സിറ്റിയിലെ ‘അൽ ജൗഹറ’ സ്റ്റേഡിയത്തിൽ എത്തിയത് നിരവധി വനിതകളും കുട്ടികളുമാണ്.

സൗദിയിൽ പല പ്രധാന പൊതു ഇടങ്ങളിലും വനിതകൾക്ക് കടന്നു ചെല്ലാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഈ വിലക്കുകൾ നീക്കിയാണ് കഴിഞ്ഞ ദിവസം നടന്ന ജിദ്ദയിൽ നിന്നുള്ള ‘അൽ അഹ്‌ലി’ ക്ലബും, വടക്കൻ പ്രവിശ്യയിലെ ചെറു പട്ടണമായ ഹഫർ അൽ ബാറ്റിനിൽ നിന്നുള്ള ‘അൽ ബാറ്റിൻ’ ക്ലബും തമ്മിലുള്ള സൗദി പ്രോ-ലീഗ് മൽസരം കാണാൻ വനിതകൾക്കും അവസരം ലഭിച്ചത്. മൽസരത്തിൽ അൽ അഹ്‌ലി മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് “അൽ ബാറ്റിനെ’ പരാജയപ്പെടുത്തി.

പരമ്പരാഗത വേഷമായ കറുത്ത അബായ ധരിച്ചെത്തിയ വനിതകൾ തങ്ങളുടെ ഇഷ്ട ടീമിന്റെ സ്കാർഫും തോളിലിട്ട്, ടീമിന്റെ പതാകകളും കയ്യിലേന്തിയാണ് ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാനെത്തിയത്.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ