റിയാദ്: സൗദി അറേബ്യയിലെ സ്ത്രീ സമൂഹം ആഹ്ലാദ തിമർപ്പിലാണ്. കിതക്കാതെ അവർ കുതിക്കുകയാണ് സമത്വത്തിന്റെ ഉയരങ്ങളിലേയ്ക്ക്. കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വനിതകൾക്ക് ലൈസൻസ് അനുവദിക്കാൻ ഇറക്കിയ ഉത്തരവ് ആ കുതിപ്പിന് ആക്കം കൂട്ടി.

കഴിഞ്ഞ ആഴ്ചകളിലുണ്ടായ പ്രധാന വാർത്തകളിലെല്ലാം സൗദി വനിതകൾ നിറഞ്ഞു നിന്നു. ലോക ആരോഗ്യ സംഘടനയായ WHO (വേൾഡ് ഹെൽത്ത് ഒർഗനൈസേഷൻ) ഉന്നതാധികാര സമിതിയിലേക്ക് അസിസ്റ്റന്റ് ഡയറക്ടർ ജനറലായി സൗദി വനിത പ്രൊഫെസർ ലുബ്‌ന അൽ അൻസാരിയെ തിരഞ്ഞെടുക്കപ്പെട്ടതും, സൗദി അറേബ്യയിലെ കാർഷിക ഗ്രാമമായ ഉനൈസാ മരുഭൂമിയിൽ സായാഹ്ന സന്ദർശനത്തിനെത്തുമായിരുന്ന ആറാം വയസ്സുകാരി മിഷാൽ ആഷിമിംറി മാനം നോക്കിയിരുന്നപ്പോൾ കണ്ട നക്ഷത്രങ്ങളുടെ അത്ഭുതകരമായ സഞ്ചാരത്തെ വീക്ഷിക്കുകയും കൗതുകകരമായ ആ രീതിക്രിയയോട് പിന്നീടവൾക്ക് ഇഷ്ടം തോന്നുകയും ലക്ഷ്യത്തിലേക്കുള്ള പടവുകൾ ഓരോന്നായി താണ്ടി അവൾ ഫ്ലോറിഡയിലെ ഫ്ലോറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദം നേടി ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (നാസ ) യിൽ അംഗമായതും, നാസയിലെ ഏക സൗദി വനിതാ സാന്നിധ്യമായി എന്ന ഖ്യാതി നേടിയതും കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

സൗദി തൊഴിൽ മന്ത്രാലയത്തിൽ വിവിധ വകുപ്പുകളിലെ സെക്രട്ടറി ജനറൽമാരായി ഡോ. ഹല അൽ തുവൈജിരി, ഡോ. തദുർ അൽ ഹമ്മർ, ഖുലൂദ്‌ അൽ ഖഹ്താനി എന്നിവരെ നിയമിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. സൗദി അറേബ്യയിലെ പ്രധാന സർക്കാർ സാമ്പത്തിക സ്ഥാപനമായ സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് “തദവൽ” ന്റെ ചെയർപേഴ്സണായി സാറ അൽ ഷുഹൈമി തിരഞ്ഞെടുക്കപ്പെട്ടതും ഉൾപ്പടെ ഉന്നത പദവികളിലേക്ക് നിരവധി വനിതകളെയാണ് സർക്കാർ നിയമിച്ചിട്ടുളളത്. വിപ്ലവകരമായ മാറ്റത്തിനാണ് സൗദി അറേബ്യയുടെ ഭരണകൂടം നാന്ദി കുറിച്ചിട്ടുളളത്.

വരും ദിവസങ്ങളിൽ സാമൂഹിക സാംസ്കാരിക തൊഴിൽ രംഗത്ത് വനിതകൾക്ക് മുന്നേറാൻ കഴിയും രീതിയിലുള്ള പുതിയ തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ സ്ത്രീ സമൂഹം.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ