റിയാദ്: പെൺ ആരവങ്ങളുയരുന്ന സൗദി ഗ്യാലറികൾ ഒരു സങ്കൽപം മാത്രമായിരുന്നു. എന്നാൽ അത് യാഥാർഥ്യമാകുകയാണ്. സൗദി അറേബ്യയിൽ സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകാൻ തീരുമാനം. സൗദി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖാണ് ഇക്കാര്യം അറിയിച്ചത്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ തീരുമാനം പ്രാബല്യത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലെ സ്റ്റേഡിയങ്ങൾ സ്ത്രീകൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കി പുനഃക്രമീകരിക്കും.

സൗദി ദേശീയ ദിനാഘോഷ ചടങ്ങുകളിൽ സ്റ്റേഡിയത്തിൽ സ്ത്രീകൾക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. സൗദിയിൽ വലിയ മാറ്റങ്ങൾക്കാണ് ഈ അറബിക് പുതുവർഷം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള ഉത്തരവ് പുറത്തിറങ്ങിയതും സ്ത്രീകൾക്ക് ജിം ആരംഭിക്കുന്നതിന് അംഗീകാരം നൽകിയതുമെല്ലാം പുതുവർഷ സമ്മാനമായാണ്. ജൂൺ 24 മുതൽ വളയം പിടിക്കാൻ തയാറായിരിക്കുകയാണ് സൗദി വനിതകൾ. അധികൃതർ ഇവർക്കായി ബോധവൽകരണ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്.

നിയമം നടപ്പിലാക്കാൻ വേണ്ട കൂടിയാലോചനകളും മുൻ കരുതലുകളും സജീവമാണ്. സൗദി ജന സംഖ്യയിൽ 14.8 മില്യൺ സ്ത്രീകളാണ്. സൗദിയിൽ വരുന്ന പുതിയ മാറ്റങ്ങൾ സ്ത്രീ സമൂഹം തങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. സോഷ്യൽ മീഡിയയിൽ സൗദി രാജാവിനും കിരീടാവകാശിക്കും നന്ദിയറിയിച്ചും അഭിനന്ദങ്ങൾ അർപ്പിച്ചും സന്ദേശങ്ങൾ ഒഴുകുകയാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook