റിയാദ്: അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ യോഗ്യതയാക്കി സൗദി അറേബ്യയിൽ ജോലി നേടുകയോ തേടുകയോ ചെയ്യുന്നവർ കുടുങ്ങും. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നിഷ്യൻ, റേഡിയോഗ്രാഫർ, എൻജിനീയർ തുടങ്ങി സൗദി കൗൺസിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്ന എല്ലാ പ്രഫഷനലുകൾക്കും ഇത് ബാധകമാണ്.

സൗദി കൗൺസിലുകളിൽ പുതിയ ലൈസൻസിന് അപേക്ഷിക്കുമ്പോഴും കാലാവധി കഴിഞ്ഞ ലൈസെൻസുകൾ പുതുക്കുമ്പോഴും അന്താരാഷ്‌ട്ര സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഏജൻസിയായ ഡാറ്റാ ഫ്ളോ വഴി സർട്ടിഫിക്കറ്റിന്റെ ആധികാരികത അതത് യൂണിവേഴ്സിറ്റിയിലേക്ക് പരിശോധനക്കയക്കും. പരിശോധനാ ഏജൻസി സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ നിലവിൽ സ്ഥാപനം ഇല്ലെങ്കിലോ, അല്ലെങ്കിൽ യൂണിവേഴ്സിറ്റി അംഗീകാരമില്ലാത്തവയോ ആണെങ്കിൽ അത് വ്യാജ രേഖയായി കണക്കാക്കി വെരിഫിക്കേഷൻ റിപ്പോർട്ട് നൽകും. അതോടെ സൗദി കൗൺസിൽ ഇത്തരക്കാർക്ക് ജോലിയിൽ വിലക്കേർപ്പെടുത്തി വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. തുടർന്ന് യാത്ര അനുമതി, ഫൈനൽ എക്സിറ്റ് തുടങ്ങിയ സേവനങ്ങൾ തടഞ്ഞു വയ്ക്കും.

സമാന കേസുകളിൽ ഇന്ത്യക്കാരടക്കം നിരവധി പേരാണ് ജയിലിലുള്ളത്. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ രണ്ട് മലയാളി നഴ്സുമാരെ തായിഫ് ജയിലിൽ ജിദ്ദ കോൺസുലേറ്റ് സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അവരുടെ മോചനത്തിന് വേണ്ടിയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഘം വ്യക്തമാക്കി. സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തുന്ന ഉദ്യോഗാർത്ഥികൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സൗദി ഇന്ത്യൻ നഴ്സ്സസ് അസോസിയേഷൻ പ്രസിഡന്റ് സിഞ്ചു റാന്നി പറഞ്ഞു. വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയാൽ കനത്ത പിഴയും ജയിൽ വാസവും അനുഭവിച്ചതിന് ശേഷമേ മടക്ക യാത്ര സാധ്യമാകൂ. തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് തിരിച്ചയക്കുക.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook