റിയാദ്: സൗദി അറേബ്യയിൽ ഉംറ വിസയിലെത്തുന്നവർക്ക് ഇനി രാജ്യം മുഴുവൻ സഞ്ചരിക്കാം. മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങളിൽ സന്ദർശിക്കാൻ മാത്രമേ ഇതുവരെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ നിയമം വഴി ഉംറ വിസയിൽ സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് സൗദിയുടെ എല്ലാ പ്രാവശ്യകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്താം. മാത്രവുമല്ല വിസ പുതുക്കാനും അവസരമുണ്ടാകും.

വിസ കാലാവധി നീട്ടാൻ സ്വദേശത്ത് നിന്ന് പുറപ്പെടും മുമ്പേ അപേക്ഷ നൽകിയിരിക്കണം. സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലവും മറ്റ് വിവരങ്ങളും പ്ലാൻ തയ്യാറാക്കി നാട്ടിൽ നിന്ന് പുറപ്പെടും മുമ്പേ സമർപ്പിച്ചവർക്കാകും സൗദിയിൽ മുഴുവൻ സഞ്ചരിക്കാൻ അനുമതിയുണ്ടാകുക. സൗദി പ്രവാസികൾക്ക് നിലവിലെ നിയമമനുസരിച്ച് പിതാവ്, മാതാവ്, ഭാര്യ, മക്കൾ, ഭാര്യ പിതാവ്, ഭാര്യ മാതാവ് എന്നിവർക്ക് മാത്രമേ സന്ദർശക വിസ ലഭിക്കുകയുള്ളൂ. സഹോദരീ-സഹോദരന്മാരെയോ സുഹൃത്തുക്കളെയോ സന്ദർശക വിസയിൽ കൊണ്ട് വരാൻ കഴില്ല.

ഉംറ വിസയിലെത്തുന്ന വേണ്ടപ്പെട്ടവരെ സൗദിയുടെ മറ്റ് പ്രവിശ്യകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് മക്ക, ജിദ്ദ, മദീന നഗരങ്ങളിൽ പോയി സന്ദർശിക്കുകയാണ് പതിവ്. എന്നാൽ ഇനി അവരവരുടെ നഗരങ്ങളിലേക്ക് അതിഥികളെ കൊണ്ടുവരാൻ പുതിയ നിയമം സഹായകമാകും. ഇത് വിപണിയിലും നേരിയ തോതിൽ ചലനമുണ്ടാകുമെന്ന് വിലയിരുത്തുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook