റിയാദ്: സൗദി, യുഎഇ സൗഹൃദത്തിന്റെ മാനത്ത് വർണ്ണങ്ങൾ വിരിയിച്ച് നാലാമത് സൗദി ഏവിയേഷൻ എയർഷോ സമാപിച്ചു. ഇരു രാജ്യങ്ങളുടെയും വ്യോമാഭ്യാസികൾ വാനിൽ സൗഹൃദം മാറ്റുരച്ചപ്പോൾ താഴെ കാണികൾ കരഘോഷമുയർത്തി. സൗദി അറേബ്യയുടെ പതാക ആകാശത്ത് വിരിഞ്ഞപ്പോൾ സ്വദേശികൾക്കിടയിൽ ദേശീയ വികാരമുണർന്നു. ആബാലവൃദ്ധം അറബിയിൽ അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി.

യുഎഇയുടെ ഏഴ് വിമാനങ്ങളാണ് ഒരേ സമയം ചിറക് വിരിച്ചത്. സൗദിയുടെയും യുഎഇയുടെയും പതാക കൂട്ടി കെട്ടിയും ഹൃദയ ചിഹ്നം വരച്ചും അന്തരീക്ഷമാകെ ഇരു രാജ്യങ്ങളുടെയും പതാകയുടെ നിറം പരത്തിയും രാജ്യങ്ങൾക്കിടയിലെ സൗഹൃദത്തിന് അടിവരയിട്ടു. തുമാമ നാഷണൽ പാർക്കിൽ സൗദി ഏവിയേഷൻ ക്ലബ്ബാണ് ദൃശ്യ വിരുന്നൊരുക്കിയത് വ്യാഴാഴ്ച ഉച്ചയോടെ ടേക്ക് ഓഫ് ചെയ്ത ഷോ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ലാൻഡ് ചെയ്തു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ഷോ ഉദ്ഘാടനം ചെയ്തു.

ഇത് നാലാം തവണയാണ് ഏവിയേഷൻ ക്ലബ്ബ് എയർഷോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും ജനുവരിയിലാണ് ഷോ സംഘടിപ്പിച്ചത്. അറുപതോളം വിമാനങ്ങളും വ്യോമ അഭ്യാസികളും പ്രകടനത്തിൽ പങ്കാളികളായി. ഇതിന് പുറമെ റോയൽ ഗാർഡ്, സൗദി ഫാൽക്കൺ, എമിറ്റേറ്റ്സ് നെറ്റ്സ് തുടങ്ങി ടീമുകളുടെ പാരച്യൂട്ട് ജംബ്, ഡ്രോൺ ഓപ്പറേഷൻ തുടങ്ങി വിവിധയിനം ദൃശ്യ വിരുന്നുകൾ കണികൾക്കായി ഒരുക്കിയിരുന്നു. സൽമാൻ രാജാവിന്റെ മകനും ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ അറബ് വംശജനുമായ അമീർ സുൽത്താൻ ബിൻ സൽമാൻ സൗദി ഏവിയേഷൻ ക്ലബ്ബിന്റെ സ്ഥാപകൻ.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ