ദോഹ: ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ ആത്മാർത്ഥ ശ്രമമാണ് സൗദി ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ. അതേസമയം, ഭീകരതക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നതു​വരെ ഖത്തർ പ്രതിസന്ധി തുടരുമെന്നും ​അദ്ദേഹം പറഞ്ഞു. സൗദി സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രിയോടൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും തീവ്രവാദത്തെ പിന്തുണക്കുന്നവരെ താമസിപ്പിക്കുന്നതും ഖത്തര്‍ അവസാനിപ്പിക്കണം. പ്രശ്ന പരിഹാരത്തിന് എന്താണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്​ ഖത്തറിന് അറിയാം. ആത്മാർഥ ​ശ്രമമാണ്​ സൗദി ആഗ്രഹിക്കുന്നതെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.

നിലവിലെ ഗൾഫ്​ പ്രതിസന്ധി മധ്യസ്ഥ ശ്രമത്തിലൂടെ ഫലവത്താകുമെന്നാണ് ​പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്​റോവ് പറഞ്ഞു. ഖത്തർ പ്രശ്നം പരിഹരിക്കുന്നതിന്​ കുവൈത്ത്​ അമീർ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജിസിസി കൂട്ടായ്മക്ക് സാധിക്കും.

എല്ലാ തലങ്ങളിലും ഭീകരതയെ നേരിടാൻ സൗദി – റഷ്യ സഹകരണമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്​ പുതിയ ചക്രവാളങ്ങൾ തേടുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയെ ലാവ്​റോവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ