റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്താൻ കൂടുതൽ പദ്ധതികളുമായി തൊഴിൽ മന്ത്രാലയം. നിലവിലെ സൗദിവല്‍ക്കരണത്തിന് കൂടുതല്‍ ശക്തി പകരുകയാണ് പുതിയ നിര്‍ദേശങ്ങളുടെ ലക്ഷ്യം. കൂടുതല്‍ സ്വദേശി യുവതി യുവാക്കളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ട് വരുന്നതിനായുള്ള ആകര്‍ഷക പദ്ധതികള്‍ക്ക് സൗദി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അംഗീകാരം നല്‍കിയതായി മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഡോ. സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഉമര്‍ പറഞ്ഞു. തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം.

സ്വദേശികളുടെ സ്വതന്ത്ര ബിസിനസിന് പ്രോല്‍സാഹനം നല്‍കി സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, സ്വദേശികളുടെ പാര്‍ടൈം ജോലിക്ക് പ്രോല്‍സാഹനം നല്‍കുക, സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം സഹായം നല്‍കുക, വനിത ജോലിക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ബേബി കെയര്‍ സെന്റര്‍ തുറന്ന് വനിത ജോലി പ്രോല്‍സാഹിപ്പിക്കുന്ന ‘ഖുര്‍റ’ പദ്ധതി, വനിത ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന ‘വുസൂല്‍ പദ്ധതി തുടങ്ങിയവയാണ് മന്ത്രാലയം മുന്നോട്ട് വച്ച അഞ്ചിന പദ്ധതികള്‍.

സ്വദേശികള്‍ സ്വതന്ത്ര ബിസിനസ് തുടങ്ങുന്നതില്‍ പ്രോത്സാഹനവും നല്‍കും. ഉല്‍പാദനം, വികസനം തുടങ്ങിയ മേഖലകളില്‍ സ്വതന്ത്ര ബിസിനസ് ചെയ്യുന്നവര്‍ക്ക് മന്ത്രാലയം അംഗീകാരവും പ്രോത്സാഹനവും പ്രഖ്യാപിക്കും. സ്വദേശികളെ നിയമിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന അധികബാധ്യത കുറക്കുക എന്നിവ പാര്‍ടൈം നിയമനത്തിലൂടെ സാധിക്കും. സ്വദേശികളെ കൂടുതലായി തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിപ്പിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. കൂടാതെ, വിവാഹിതരായ വനിതകളെ ജോലിയില്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ