റിയാദ്: കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ പൗരൻമാർക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകൾ നീക്കാൻ തീരുമാനം. മാർച്ച് 31 മുതലാണ് പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികളും തുറക്കാനും തീരുമാനമായെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ അധികരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് മുൻകരുതൽ നടപടികളുള്ള രാജ്യത്ത് എത്തുന്നവർക്ക് ഇത് ബാധകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: ഐക്യത്തിന്റെ പുതുപ്പിറവിയില്‍ ഗള്‍ഫ് ലോകം; കേരളത്തിലേക്കു ഖത്തര്‍ വിമാനങ്ങളെത്തും

പൗരന്മാരെ വിദേശയാത്ര ചെയ്യാനും രാജ്യത്തിലേക്ക് മടങ്ങാനും മാർച്ച് ഒന്നു മുതൽ അനുവദിക്കും.എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുടെയും വിലക്ക് പൂർണ്ണമായും നീക്കും എല്ലാ കര, കടൽ, വ്യോമ പാതകളും പൂർണ്ണമായും തുറക്കും.

മേൽപ്പറഞ്ഞ ഇനങ്ങൾ നടപ്പിലാക്കുന്നത്, രാജ്യത്ത്, കൊറോണ വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ആവശ്യമായ നടപടികളും കൈക്കൊള്ളുന്ന ബന്ധപ്പെട്ട കമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന നടപടിക്രമങ്ങൾക്കും മുൻകരുതലുകൾക്കും അനുസൃതമായിട്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.

2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook