റിയാദ്: ട്രാഫിക് നിയമങ്ങൾ ലംഘിക്കാതെ തന്നെ പലർക്കും പിഴയടക്കാൻ മൊബൈലിൽ ട്രാഫിക് വിഭാഗത്തിന്റെ സന്ദേശം വന്നാൽ അത് ഒഴിവാക്കാം. ഇത്തരത്തിൽ നമ്പർ തെറ്റിയോ മറ്റോ വരുന്ന പിഴ ഒഴിവാക്കുന്നതിന് പരാതി നൽകാം. അല്ലാത്ത പക്ഷം നിങ്ങൾ ലംഘിക്കാത്ത ഗതാഗത നിയമത്തിന്റെ പേരിൽ നിങ്ങളുടെ റസിഡൻഷ്യൽ ഐഡി (ഇഖാമ) നമ്പറിൽ പിഴ രേഖപ്പെടുത്തും. തുടർന്ന് ഈ പണം അടക്കാതെ നിങ്ങൾക്ക് റീ എൻട്രി വിസയോ മറ്റ് സേവനകളോ ലഭ്യമാകില്ല.
ചെറിയ തുകയാകുമ്പോൾ പലരും പണമടച്ചു തടിയൂരുകയാണ് പതിവ്. എന്നാൽ ഈ പ്രശ്നത്തിന് നിയമാനുസൃത പരിഹാരമുണ്ട്. ട്രാഫിക് നിയമം ലംഘിക്കാതെയാണ് നിങ്ങൾക്ക് പിഴയടക്കാൻ നിർദേശം വന്നതെങ്കിൽ ഉടൻ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന ട്രാഫിക് വിഭാഗം ഓഫീസിൽ പരാതിപ്പെടാം. വിദേശികൾക്ക് അവരുടെ പരാതിയുമായി നേരിട്ട് ഹാജരാകുന്നതിൽ വിലക്കുകളൊന്നുമില്ല. ചെയ്യാത്ത തെറ്റിനാണ് പിഴയെന്ന് അധികൃതരെ ബോധ്യപ്പെടുത്തി പരാതി നൽകിയാൽ അവർ ട്രാഫിക് ലംഘന കൺട്രോൾ സംവിധാനങ്ങൾ ഉപയോഗിച്ച് നിജസ്ഥിതി മനസ്സിലാക്കി വാഹന ഉടമയെ ബോധിപ്പിക്കും.
നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ നിങ്ങളെ കാണിക്കും. ആ വാഹനത്തിന് നിങ്ങളുമായി ബന്ധമില്ലെങ്കിൽ പരാതി സ്വീകരിച്ചു ഉടൻ തീർപ്പ് കൽപ്പിക്കും.
റിയാദിലെ സഫ മക്ക മെഡിക്കൽ സെന്റർ ഹാര ബ്രാഞ്ചിലെ അഡ്മിനിസ്ട്രേഷൻ മാനേജരായ നൗഫൽ പാലക്കാടാനാണ് ഇത്തരത്തിൽ ഒരനുഭവമുണ്ടായത്. അദ്ദേഹ അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ: “അൽ വസറാത്തിലെ ഓഫീസിൽ മീറ്റിങ്ങിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്തയാണ് 25 കിലേമീറ്റർ അകലെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചു ട്രാഫിക് നിയമം ലംഘിച്ചതായിയും 150 റിയൽ പിഴയടക്കണമെന്നും മൊബൈലിൽ സന്ദേശമെത്തിയത്. പിഴ വഴി തെറ്റി വന്നതാണെന്ന് അറിഞ്ഞതോടെ 993 എന്ന ട്രാഫിക് പൊലീസ് നമ്പറിലേക്ക് വിളിച്ചു വിവരങ്ങൾ ആരാഞ്ഞു. ദമ്മാം റോഡിലുള്ള റിമാൽ ട്രാഫിക് പൊലീസിലെത്താൻ നിർദേശം ലഭിച്ചു.”
“റിമാൽ ട്രാഫികിലെത്തി പരാതി ബോധിപ്പിച്ചപ്പോൾ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകാൻ നിർദേശിക്കപ്പെട്ടു. പരാതി സ്വീകരിച്ചു വീഡിയോയും ഫോട്ടായും ശേഖരിക്കുന്ന വിഭാഗത്തിലേക്ക് അയച്ചു. ദൃശ്യങ്ങളൊന്നും കാണ്ടെത്താൻ കഴിഞ്ഞില്ല. ‘ദൃശ്യങ്ങൾ ലഭ്യമല്ല’ എന്ന് പരാതിയിൽ എഴുതി നൽകി. ആദ്യ സെക്ഷനിലേക്ക് തിരിച്ചയച്ചു. ദൃശ്യങ്ങൾ ലഭിക്കുമോ എന്ന വിശദ പരിശോധനക്കുള്ള സാവകാശത്തിന് വേണ്ടി 20 ദിവസം കഴിഞ്ഞ് വരാൻ നിർദേശം കിട്ടി. ഇതിനിടയിൽ നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാത്തതിനാൽ പിഴ 150 ൽ നിന്ന് 300 ലേക്ക് ഉയർന്നു. അക്കാര്യം ബോധിപ്പിച്ചപ്പോൾ അത് കാര്യമാക്കേണ്ടതില്ലെന്നും പരാതി പരിഹരിച്ചാൽ പിഴ ഒന്നും നൽകേണ്ടി വരില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.”
“20 ദിവസത്തിന് ശേഷം ചെന്നപ്പോൾ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതായ ഒന്നും ലഭ്യമല്ലെന്ന് തീർപ്പുകൽപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട്, കേസെടുത്ത ദറഇയ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുടെ പകർപ്പയച്ചു. തൃപ്തികരമായ മറുപടി കിട്ടിയില്ലെങ്കിൽ പിഴ താനെ ഒഴിവാകുമെന്ന് ഉദോഗസ്ഥൻ അറിയിച്ചു. നാല് ദിവസം കഴിഞ്ഞു ഓൺലൈനിൽ നോക്കിയപ്പോൾ പിഴ അപ്രത്യക്ഷമായിരുന്നു.” നൗഫൽ പറയുന്നു
തുക ചെറുതായാലും വലുതായാലും ചെയ്യാത്ത കുറ്റത്തിനാണ് പിഴ വീണതെങ്കിൽ പരിഹരിക്കാൻ ഈ മാർഗ്ഗം തേടാവുന്നതാണ്.