ജിദ്ദ: സൗദി അറേബ്യ ഒരു വനിതയെ ആദ്യമായി ബഹിരാകാശ ദൗത്യത്തിന് അയയ്ക്കുന്നു. റയ്യാന ബര്‍നാവിയാണു 10 ദിവസത്തെ ദൗത്യത്തിനായി പോകുന്നത്.
ഈ വര്‍ഷം അവസാനമാണു റയ്യാന ബര്‍നാവി രാജ്യാന്തര ബഹിരാകാശ നിലയ(ഐ എസ് എസ്)ത്തിലേക്കു പോകുക. റയ്യാനയ്‌ക്കൊപ്പം സൗദിയുടെ തന്നെ ബഹിരാകാശ യാത്രികന്‍ അലി അല്‍ ഖര്‍നിയും യാത്രയിലുണ്ടാവും.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസിന്റെ ദൗത്യത്തിനായാണ് ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോകുന്നത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് ഇരുവരും യാത്ര തിരിക്കുക. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നു സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് പേടകം വിക്ഷേപിക്കും.
റയ്യാന ബര്‍നാവിയും അലി അല്‍ ഖര്‍നിയും ഈ വസന്തകാലത്ത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പറക്കുമെന്നു സൗദി പ്രസ് ഏജന്‍സിയും ആക്സിയവും അറിയിച്ചു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്സണും ഇവര്‍ക്കൊപ്പമുണ്ടാകും. ബഹിരാകാശ നിലയത്തിലേക്കുള്ള പെഗ്ഗിയുടെ നാലാമത്തെ യാത്രയാണിത്. അതേസമയം, ടെന്നസിയിലെ ബിസിനസുകാരനായ ജോണ്‍ ഷോഫ്‌നറാണു പൈലറ്റ്.
ബഹിരാകാശ രംഗത്ത് സൗദി അബ്യേയും അയല്‍രാജ്യമായ യു എ ഇയും വലിയ മുന്നേറ്റമാണു നടത്തുന്നത്. യു എ ഇയാണു വനിതയെ ബഹിരാകാശത്തേക്ക് അയച്ച ആദ്യ അറബ് രാജ്യം. 2019ല്‍ നൂറ അൽ മത്രൂഷിയെന്ന വനിതയെ ബഹിരാകാശത്തേക്ക് അയച്ച യു എ ഇ, നിലവിൽ ചാന്ദ്രദൗത്യം വിക്ഷേപിച്ചിരിക്കുകയാണ്.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുള്ള പരിഷ്‌കാരങ്ങള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സജീവമായി തുടരുന്നതിനിടെയാണു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു വനിതയെ അയയ്ക്കാനുള്ള സൗദിയുടെ തീരുമാനം. സ്ത്രീകളെ ഡ്രൈവിങ്ങിനും പുരുഷ രക്ഷിതാവില്ലാതെ വിദേശയാത്രയ്ക്കും അനുവദിക്കുക, തൊഴില്‍ ശക്തിയില്‍ സ്ത്രീ അനുപാതം 17ല്‍ നിന്ന് 37 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സൗദി നേരത്തെ നടപ്പാക്കിയിരുന്നു.