റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം രംഗത്ത് വന്‍ കുതിപ്പിനു കളമൊരുക്കി ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ നിലവില്‍ വന്നു. സൗദി ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഖതിബാണു ലോക ടൂറിസം ദിനമായ ഇന്നലെ റിയാദ് ദിരിയയില്‍ നടന്ന ചടങ്ങില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണു ടൂറിസം രംഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍. 11,500 കോടി റിയാലിന്റെ വരുമാനമാണ് ഈ പുതിയ നീക്കത്തിലൂടെ സൗദി ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് അല്‍ ഖതിബ് പറഞ്ഞു.

യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 49 രാജ്യങ്ങള്‍ക്കാണ് ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ വിസ ലഭ്യമായി തുടങ്ങിയത്. സൗദി വിമാനത്താവളങ്ങളിലും മറ്റു പ്രവേശന കവാടങ്ങളിലും ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

വിഷന്‍-2030ന്റെ ഭാഗമായി ടൂറിസം മേഖലയില്‍ വന്‍ നിക്ഷേപാവസരങ്ങളാണു സൗദിയിലുള്ളത്. നൂറ് മില്യന്‍ സന്ദര്‍ശകരെ സ്വീകരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിനായി അഞ്ചു ലക്ഷം പുതിയ ഹോട്ടല്‍ റൂമുകള്‍ രാജ്യത്തിനാവശ്യമാണെന്ന് അഹമ്മദ് അല്‍ ഖതിബ് പറഞ്ഞു.

കാനഡ, അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, അയര്‍ലന്റ്, ലിച്ടെന്‍സ്റ്റൈന്‍, ലിത്വാനിയ, മൊണാകൊ, അന്‍ഡോറ, റഷ്യ, മാള്‍ട്ട, മോണ്ടിനെഗ്രോ, സാന്‍ മറിനോ, ഉക്രൈന്‍, യു.കെ, പോര്‍ച്ചുഗല്‍, പോളണ്ട്, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, റുമാനിയ, സ്ലോവാക്യ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, സ്പെയിന്‍, സ്വീഡന്‍, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്റ്, നോര്‍വെ, ലക്സംബര്‍ഗ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, സ്ലൊവേനിയ, ഹോളണ്ട്, ഹംഗറി, ഐസ്ലാന്റ്, ഇറ്റലി, ലാത്വിയ, ബ്രൂണെ, ജപ്പാന്‍, സിംഗപ്പുര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാന്‍, ചൈന, ന്യൂസിലാന്റ്, ഓസ്ട്രേലിയ എന്നീ 49 രാജ്യങ്ങള്‍ക്കാണ് ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും ലഭ്യമാകുന്നത്.

ഇ-വിസയ്ക്കായി visa.visitsaudi.com എന്ന പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. അഞ്ചു മുതല്‍ 30 മിനിറ്റിനകം വിസ ലഭിക്കും. വിസയ്ക്കും ഇന്‍ഷുറന്‍സിനുമായി 440 റിയാലാണു ഫീസ്. വിസ നിരസിക്കപ്പെട്ടാല്‍ പണം തിരിച്ചു ലഭിക്കില്ല. റിട്ടേണ്‍ ടിക്കറ്റ്, വിസയുടെ പ്രിന്റൗട്ട് എന്നിവ അപേക്ഷയ്ക്ക് ആവശ്യമില്ല. ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമില്ലെങ്കിലും ഹോട്ടലിന്റെ അഡ്രസ് അപേക്ഷയോടൊപ്പം കാണിക്കണം.

റിയാദ്, മദീന, ജിദ്ദ, ദമാം എന്നീ രാജ്യാന്തര വിമാനത്താവളങ്ങള്‍, ബത്ഹ എന്‍ട്രി പോര്‍ട്ട്, കിങ് ഫഹദ് കോസ്വേ എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ സ്ഥാപിച്ച വിസ കിയോസ്‌കുകള്‍ വഴി ഓണ്‍ അറൈവല്‍ വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ-വിസക്ക് അര്‍ഹരാണോയെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഉറപ്പുവരുത്തിയശേഷമേ ഓണ്‍ലൈന്‍ വിസയെടുക്കാതെ വരുന്നവര്‍ക്കു വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്ന് ബോര്‍ഡിങ് പാസ് നല്‍കൂ.

ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ സൗദി എംബസി, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാല്‍ സൗദിയിലേക്കു ടൂറിസ്റ്റ് വിസ ലഭിക്കും.

വാർത്ത: നൗഷാദ് കോർമത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook