റിയാദ്: കോവിഡ് പ്രതിസന്ധി ലോകത്തിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ച സാഹചര്യത്തിൽ, സ്വകാര്യ ജീവനക്കാരുടെ ശമ്പളം പരമാവധി 40 ശതമാനം വരെ ആറു മാസത്തേക്ക് വെട്ടിക്കുറയ്ക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി മാനവശേഷി വികസന മന്ത്രാലയം ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം.
അടുത്ത ആറു മാസത്തേക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ സമയം കുറഞ്ഞതിനാലാണ് തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാമെന്ന വ്യവസ്ഥയെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ സാഹചര്യത്തിന് അനുസരിച്ച് അടുത്ത ആറു മാസത്തിനുള്ളില്‍ ജീവനക്കാരുടെ വാര്‍ഷികാവധി ക്രമീകരിക്കാനും പുതിയ ഭേദഗതി തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നുണ്ട്.
Read More: ഷാർജയിൽ ബഹുനില കെട്ടിടത്തിൽ തീപ്പിടിത്തം
ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലെങ്കില്‍ ജീവനക്കാരുടെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താം. പ്രതിസന്ധി തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും.
സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ശക്തമായ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിടുന്ന കനത്ത പ്രതിസന്ധിയാണ് ഇനി വാരാനിരിക്കുന്നത്. കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ ഏറെ സമയമെടുക്കും. സൗദിയെ സംബന്ധിച്ചിടത്തോളം എണ്ണ വരുമാനവും എണ്ണേതര വരുമാനവും വൻ തോതിൽ കുറഞ്ഞതായും അൽ അറേബ്യ ടെലിവിഷൻ ചാനൽ നടത്തിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ വർഷം ആദ്യം ബാരലിന് 60 ഡോളറായിരുന്ന എണ്ണവില 20 ഡോളറിലേക്ക് വരെ എത്തി നിൽക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 180 ബില്യൺ റിയാൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ചിലവ് ഇനിയുമുണ്ട്. അതിനാൽ ശക്തമായ ചിലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കാൻ രാജ്യം നിർബന്ധിതമായിരിക്കുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച അത്യാവശ്യമില്ലാത്ത പദ്ധതികൾ നിർത്തിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.