റിയാദ്: കവർച്ചയ്ക്ക് എത്തിയ ആളിൽനിന്നും രക്ഷപ്പെട്ട അലവിക്കുട്ടി ഒളവട്ടൂരിന്റെ കണ്ണുകളിൽ ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. മരണത്തെ മുഖാമുഖം മുന്നിൽകണ്ട നിമിഷത്തിൽ ആത്മധൈര്യം കൊണ്ടുമാത്രമാണ് സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ അലവിക്കുട്ടി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ബത്ഹക്കടുത്ത് ദരക്തർ സ്ട്രീറ്റിലെ തന്റെ വസതിക്കു മുന്നിൽ വാഹനം പാർക്ക് ചെയ്യാൻ ഒരുങ്ങുകയായിരുന്നു അലവിക്കുട്ടി. വാഹനം പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഒരു അറബ് വംശജൻ ഗ്ലാസിൽ മുട്ടി ഡോർ തുറക്കാൻ ആവശ്യപ്പെട്ടു. കവർച്ചക്കാരനാണെന്ന് മനസിലാക്കിയ അലവിക്കുട്ടി വണ്ടി സെൻട്രൽ ലോക്ക് ചെയ്ത് വണ്ടിയിൽ തന്നെ ഇരുന്നു. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയപ്പോൾ ഗ്ലാസ് പതുക്കെ തുറന്ന് അഞ്ഞൂറ് റിയാലിന്റെ ഒരു നോട്ട് പുറത്തേക്കിട്ടു. പക്ഷേ പണം പോക്കറ്റിൽ വച്ചശേഷം ഗ്ലാസിൽ ശക്തിയായി വീണ്ടും അടിച്ചു. ഇതിനിടയിൽ അലവിക്കുട്ടി തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു അപകട വിവരം കൈമാറി.

ഡോർ തുറക്കില്ല എന്നുറപ്പായപ്പോൾ വാഹനത്തിന്റെ ബോണറ്റിൽ കേറി വലിയ ഇരുമ്പ് വടി കൊണ്ട് ആഞ്ഞടിച്ചു ചില്ലു തകർത്തു. കൂളിങ് സ്റ്റിക്കർ ഒട്ടിച്ചതിനാൽ അകത്തേക്ക് കയറാനായില്ല. ഉടൻതന്നെ അലവിക്കുട്ടി ഡോർ തുറന്ന് പുറത്തേക്കോടി. മുന്നിൽ വന്നുനിന്ന ടാക്സി കാറിൽ കയറി രക്ഷപ്പെട്ടു. സുഹൃത്തുക്കൾ വിവരമറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.

അലവിക്കുട്ടിയുടെ കാർ

പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയശേഷമാണ് അലവിക്കുട്ടി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. ഇത് പുനർജനമാണെന്നും ആ സമയത്തുണ്ടായ ഞെട്ടലിൽ നിന്ന് താൻ ഇതുവരെ മുക്തനായിട്ടില്ലെന്നും അലവിക്കുട്ടി പ്രതികരിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook