റിയാദ് : ഖത്തറിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ച് സൗദി അറേബ്യ. ബഹ്‌റൈൻ, യു.എ.ഇ, ഈജിപ്ത്, യമൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ചു. ഭീകരർക്ക് സഹായം ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സൗദി അറേബ്യ, ഖത്തറിനെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അതിർത്തി കവാടങ്ങളെല്ലാം അടക്കാൻ നിർദേശം നൽകി.

സാധരണ നയതന്ത്ര ബന്ധങ്ങൾ ഉലയുമ്പോൾ നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുയും എംബസിയുടെ സേവനങ്ങൾ നിർത്തി വെക്കുയുമാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി കടുത്ത തീരുമാങ്ങളാണ് സൗദി അറേബ്യ ഖത്തറിനെതിരെ സ്വീകരിച്ചിട്ടുള്ളത്. 48 മണിക്കൂറിനകം ഖത്തർ നയതന്ത്ര പ്രതിനിധികൾ രാജ്യം വിടണം, 15 ദിവസത്തിനകം ഖത്തർ പൗരന്മാർ സൗദിയിൽ നിന്ന് പുറത്ത് പോകണം, സൗദി നയതന്ത്ര പ്രതിനിധികൾ ഉടൻ തിരിച്ചെത്തണം, അതിർത്തി കവാടങ്ങൾ അടക്കും, വിമാന സർവീസുകൾ പൂർണമായും നിർത്തലാക്കും, ഖത്തർ എയർ വിമാനത്തിന് സൗദിയിലേക്ക് പ്രവേശന അനുമതി നിഷേധിച്ചു. തുടങ്ങി ഒട്ടനവധി തീരുമാനങ്ങളാണ് ഖത്തറിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിട്ടുള്ളത്.

മൂന്നര പതിറ്റാണ്ടായി ഖത്തർ ഗൾഫ് രാജ്യങ്ങളുമായി പുലർത്തി പോന്നിരുന്ന നയതന്ത്ര ബന്ധങ്ങൾ ഉലയുന്നത് മലയാളികളുൾപ്പടെ ആശങ്കയോടെയാണ് കാണുന്നത്. അഞ്ച് ലക്ഷം മലയാളികൾ ഖത്തറിൽ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുടെ സഹകരണമില്ലാതെ ഖത്തറിന് മുന്നോട്ട് പോകനാകുമോ എന്നത് കണ്ടറിയണം. ഖത്തർ വാണിജ്യ രംഗത്തും തൊഴിൽ രംഗത്തും വലിയ പുരോഗതി കൈവരിച്ച് വരികയായിരുന്നു. ഇതിന്റെ ഭാഗമായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായി. ഇത് ഇന്ത്യക്കാരുൾപ്പടെ നിരവധി വിദേശികൾക്ക് തൊഴിൽ ലഭ്യമാകാൻ കാരണമായി.

2022 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയാകേണ്ട ഖത്തർ പ്രതിസന്ധി മറികടക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്. സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ തീരുമാനം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരുൾപ്പടെയുള്ള ഖത്തർ പ്രവാസികളും പൗരന്മാരും. അതെ സമയം ഇന്ത്യയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളെ ഇത് ബാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വാർത്ത : നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook