സൗദിയില്‍ വനിതാ ഡ്രൈവിംഗ് ലൈസന്‍സ് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി ഒരു മാസത്തിന് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകളുടെ ആദ്യ ഡ്രെവിങ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

വിദേശത്തുനിന്നും നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദി ലൈസന്‍സ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയില്‍ ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് ലൈസന്‍സ് കെമാറുന്നതും ലൈസന്‍സ് ലഭിച്ച വനിത നന്ദി പറയുന്നതും വ്യക്തമാവുന്നുണ്ട്.

2017 സെപ്തംബര്‍ 27-നായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദിയിലെ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന പ്രഖൃാപനം നടത്തിയത്. ജൂണ്‍ 24 മുതലാണ് സൗദിയിലെ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഡൈവിങ് ലൈസന്‍സ് നല്‍കുന്നത്.

വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളില്‍വെച്ച് പരിശീലനം നല്‍കുന്നത്.

വാർത്ത: സിജിൻ കൂവള്ളൂർ

സൗദിയ വിമാനങ്ങളില്‍ സൗജന്യ വാട്‌സാപ്പ് സേവനം

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലും യാത്രക്കാര്‍ക്ക് സൗജന്യമായി വാട്‌സ്ആപ്പ് ലഭ്യമാക്കിക്കൊണ്ട് സൗദിയ എയര്‍ലൈന്‍സ്. മെയ് 31 മുതല്‍ ഈ സേവനം നിലവില്‍വന്നു. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര സര്‍വീസുകളിലുമാണ് കമ്പനി ഈ സേവനം നടപ്പാക്കിയത്.

ഇത് വിജയകരമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുഴുവന്‍ സര്‍വീസുകളിലേക്കും സേവനം വ്യാപിപ്പിച്ചത്. ഇപ്പോള്‍ ബോയിംഗ് 777, ബോയിംഗ് 787, എയര്‍ബസ് A320, എയര്‍ബസ് A330വിമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിമാനങ്ങളിലും ഈ സേവനം ലഭ്യമാണ്. സേവനം ലഭ്യാമാകാന്‍ യാത്രക്കാര്‍ സൗദിയ വിമാനങ്ങളിലുള്ള ഇന്‍ഫ്ലൈറ്റ് വെബ്‌ പോര്‍ടലില്‍ സൈന്‍ ഇന്‍ ചെയ്യണം. ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമാണ് ഇപ്പോള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുക.

വാർത്ത: സിജിൻ കൂവള്ളൂർ

സൗദിയില്‍ ചൂട് 50 ഡിഗ്രിക്ക് മുകളിലെത്തും

റിയാദ്: സൗദിയില്‍ ഈവര്‍ഷം ചുട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കഠിനമായ ചൂട് അനുഭവപ്പെടും. ദമ്മാമും, അറാറും എല്ലാം ഉള്‍പ്പെടുന്ന സൗദിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുക ജുലൈ, ആഗസ്ത് മാസത്തോടെ ചുട് അമ്പത് ഡിഗ്രിയിലധികമാകുമെന്നും അധികൃതര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook