റിയാദ്: പൂത്ത് മലർന്ന ചെങ്കടൽ തീരം കാണാൻ സൗദി അറേബ്യയുടെ തുറമുഖ നഗരിയായ യാമ്പുവിലേക്ക് സന്ദർക പ്രവാഹം. യാമ്പു – ജുബൈൽ റോയൽ കമ്മീഷനാണ് കണ്ണും മനവും കുളിരണിയുന്ന മതിവരാ കാഴ്ച ഒരുക്കിയിരിക്കുന്നത്. പതിനൊന്നാമത് പുഷ്പമേള യാമ്പുവിലെ അൽ മുനാസബാത്ത് പാർക്കിൽ പുരോഗമിക്കുമ്പോൾ പ്രതിദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് സ്വദേശികളും വിദേശികളുമാണ് കാഴ്ച ആസ്വദിക്കാനെത്തുന്നത്.
saudi arabia, flower

സൗദി അറേബ്യയുടെ ദേശീയ പുഷ്പമായ സൂര്യകാന്തി മുതൽ വിൻക, ഗസാനിയ, സിലോസിയ, സിന്നിയ തുടങ്ങി പലയിനം പൂക്കളാൽ അലങ്കരിച്ചതാണ് പൂങ്കാവനം. പതിനാറായിരത്തിൽ പരം ചതുരശ്ര മീറ്ററിൽ ദശ ലക്ഷക്കണക്കിന് പൂക്കളാൽ ഒരുക്കിയ പരവതാനി ഇത്തവണ ഗിന്നസ് റെക്കാർഡിലെത്തുമെന്നാണ് കരുതുന്നത്. 2014 ൽ ലോകത്തെ ഏറ്റവും വലിയ പുഷ്പമേളക്ക് വേദിയായത് യാമ്പുവാണ്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് ഭിന്നമായി സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇത്തവണയെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പുതു തലമുറക്ക് ചിത്ര ശലഭങ്ങളെ കുറിച്ച് അറിവ് പകരാൻ ഒരുക്കിയ ബട്ടർ ഫ്ലൈ ഗാർഡനാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. വര്‍ണ്ണച്ചിറകുകള്‍ വീശി പൂങ്കാവനം വട്ടം ചുറ്റി പൂക്കളെ മുത്തം വെച്ച് പറക്കുന്ന ചിത്രശലഭങ്ങളെ കണ്ട് ആസ്വദിക്കുന്ന കുട്ടികളും മുതിർന്നവരും ഉദ്യാനത്തിന് അരികിലെ സ്ഥിരം സായാഹ്ന കാഴ്ചയാണ്.
saudi arabia, flower

ചെറുവരയൻ ശരശലഭം, വർണ്ണ പരപ്പൻ, നീലവരയൻ കോമാളി, സൂര്യ ശലഭം, പൂച്ചക്കണ്ണി, ഒറ്റവരയൻ സർജന്റ്. ചോക്ലേറ്റ് പാൻസി തുടങ്ങി ഇരു നൂറ്റി അമ്പതോളം ഇനത്തിൽ പെട്ട ചിത്രശലഭങ്ങൾ പൂങ്കാവനത്തിന്റെ കാവൽക്കാരാണ്. ഈ കൗതുക കാഴ്ചകൾ കാണാൻ സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ നിന്ന് ആയിരത്തിൽ പരം കിലോമീറ്റർ താണ്ടി സ്വദേശികളും വിദേശികളുമുൾപ്പടെയുള്ള ആസ്വാദകരെത്തുന്നുണ്ട്. ജിദ്ദ, മദീന, ത്വാഇഫ് എന്നിവിടങ്ങളിൽ നിന്നാണ് സന്ദർശകർ കൂടുതലായെത്തുന്നത്. മാർച്ച് 14 ന് യാമ്പു ജുബൈൽ റോയൽ കമ്മീഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്ത മേള ഏപ്രിൽ 7 ന് അവസാനിക്കും. വൈകുന്നേരം 4 മണിമുതൽ രാത്രി 10 വരെയാണ് സന്ദർശകരെ അനുവദിക്കുക. നാഗരിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്.
saudi arabia, flower

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ