റിയാദ്: മഴ നനഞ്ഞ് റിയാദ് കുതിർന്നപ്പോൾ നഗരത്തിനടുത്തുളള വാദി ഹനീഫ താഴ്‌വാരം കാണാൻ സന്ദർശകരുടെ തിരക്ക്. കഴിഞ്ഞ ദിവസം റിയാദിലാകെ പെയ്ത മഴയിൽ വാദി ഹനീഫ നിറഞ്ഞൊഴുകിയിരുന്നു. പുഴ പോലെ വാദി ഒഴുകിയപ്പോൾ മനംകുളിരുന്ന കാഴ്ചകാണാൻ നഗരത്തിൽ നിന്ന് സന്ദർശകരും വാദിയിലേക്ക് ഒഴുകി. സ്വദേശികളും വിദേശികളും കുടുംബത്തോടൊപ്പമാണ് അവധി ദിനം ചെലവഴിക്കാൻ ഇവിടേക്കെത്തുന്നത്.
നാട്ടിൽ നിന്ന് സന്ദർശക വിസയിൽ റിയാദിലെത്തിയവർക്ക് മനം കുളിരുന്ന അനുഭവമാണ് വാദി ഹനീഫ താഴ്‌വാരം നൽകുന്നത്. സന്ദർശകരുടെ സുരക്ഷയ്ക്കും സേവനത്തിനുമായി പ്രത്യേക പൊലീസ് സംഘം വാദിയിലുണ്ട്. പ്രധാനമായും ആറ് പാര്‍ക്കുകളാണ് വാദി ഹനീഫയിൽ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള തടാകവും അതിന് ചുറ്റുമുള്ള പ്രദേശവുമാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നത്.
1970-കളിൽ നഗരവികസനത്തോടൊപ്പം വാദിയിൽ മാലിന്യം കുമിഞ്ഞു കൂടി. തുടർന്ന് ഈ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി 100 ദശലക്ഷം ഡോളര്‍ ചെലവേറിയ പദ്ധതിക്ക് അധികൃതര്‍ രൂപം നൽകി. 2010ൽ മികച്ച രൂപകൽപനയ്ക്കുള്ള ആഗാഖാന്‍ രാജ്യാന്തര പുരസ്കാരം നേടിയതോടെയാണ് വാദി ഹനീഫ ഏറെ ജനശ്രദ്ധ നേടിയത്. അറബ് പൈതൃകം ചോര്‍ന്ന് പോകാതെ പ്രകൃതിയോടിണങ്ങിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ശക്തമായ മഴയോ കാറ്റോ ഉള്ള സമയങ്ങളിൽ വാദിയിലേക്ക് പ്രവേശിക്കരുതെന്ന് സിവിൽ ഡിഫൻസ് മൊബൈൽ സന്ദേശം വഴിയും വെബ്‌സൈറ്റ് വഴിയും പൊതു ജനങ്ങൾക്ക് നിർദേശം നൽകാറുണ്ട്.
വാർത്ത: നൗഫൽ പാലക്കാടൻ