റിയാദ്: സംവിധായകൻ ഐ.വി.ശശിയുടെ നിര്യാണത്തിൽ റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) അനുശോചിച്ചു. 1975 -ൽ ഉത്സവത്തിൽ തുടങ്ങി 2009 -ൽ വെള്ളത്തൂവൽ വരെ സംവിധായകനെന്ന നിലയിൽ മൂന്നര പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവും അത്ഭുതാവഹമാണ്. സമൂഹത്തിന്റെ വിവിധ ശ്രേണികളിൽ പെടുന്ന എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ ചെയ്യാൻ തക്കവണ്ണമുള്ള വഴക്കം അദ്ദേഹത്തിനുണ്ടായിരുന്നു. തീർത്തും വാണിജ്യപരമായ മസാലക്കൂട്ടുകൾ ഉൾപ്പെടുന്ന ചിത്രങ്ങൾ മുതൽ ഉന്നത കലാമൂല്യം പുലർത്തുന്ന ചിത്രങ്ങൾ വരെ അദ്ദേഹത്തിന്റേതായുണ്ട്.

നല്ല തിരക്കഥ ഉണ്ടായപ്പോഴൊക്ക നല്ല സിനിമ അദ്ദേഹത്തിന് ചെയ്യാനായി. പദ്മരാജന്റെയും എം.ടി.വാസുദേവൻ നായരുടെയും തിരക്കഥകളിൽ ഐ.വി.ശശി ചെയ്ത ചിത്രങ്ങൾ മലയാളസിനിമയുടെ നാഴികക്കല്ലുകളായിരിക്കും. ഇതാ ഇവിടെവരെ, വാടകക്ക് ഒരു ഹൃദയം, ആരൂഢം, അഭയം തേടി, തൃഷ്ണ, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, കാണാമറയത്ത്, ഇടനിലങ്ങൾ, തുടങ്ങി ഒരുകൂട്ടം നല്ല ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടാണ് ഐ.വി.ശശി യാത്രയായത്.

നല്ലൊരു സംവിധായകൻ മാത്രമല്ല, മികച്ച കലാസംവിധായകനും സാങ്കേതികവിദഗ്ധനും കൂടിയായിരുന്നു അദ്ദേഹം. 2016 ഫെബ്രുവരിയിൽ റിഫ നടത്തിയ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഐ.വി.ശശി മുഖ്യാതിഥിയും ഉദ്ഘാടകനുമായിരുന്നു. ഉദ്ഘാടനചിത്രമായി കാണിച്ച സൗദി ചിത്രം “വജ്‌ദ” നൽകിയ ചലച്ചിത്രാനുഭവം അനിർവചനീയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം കണ്ടുകഴിഞ്ഞ അദ്ദേഹം എണീറ്റുനിന്ന് കയ്യടിച്ചുകൊണ്ടാണ് തന്റെ ബഹുമാനം പ്രകടിപ്പിച്ചത്. ഐ.വി.ശശിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചലച്ചിത്രലോകത്തിന്റെയും ദുഃഖത്തിൽ റിഫ പങ്കുചേരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook