ജിദ്ദ: മക്ക ഗ്രാന്‍ഡ് മസ്ജിദിലെ കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു. ഇസ്ലാമിക പുതുവര്‍ഷമായ മുഹറം ഒന്നിന് കിസ്‌വ മാറ്റുന്നത് ചരിത്രത്തിലാദ്യമാണ്. സാധാരണ ദു അല്‍ ഹിജ്ജ ഒമ്പതിനാണു കിസ്‌വ മാറ്റാറുള്ളത്.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ നിര്‍ദേശപ്രകാരമാണു കിസ്‌വ അണിയിക്കല്‍ മുഹറം ഒന്നിലേക്കു മാറ്റിയത്. കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്സില്‍നിന്നുള്ള വിദഗ്ധരാണു പഴയ കിസ്‌വ അഴിച്ചുമാറ്റി പുതിയത് അണിയിച്ചത്.
ഇരുന്നൂറോാളം വിദഗ്ധ തൊഴിലാളികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പുതിയ കിക്‌സവ അണിയിച്ചത്. അണിയിക്കല്‍ ചടങ്ങ് നാല് മണിക്കൂറോളം നീണ്ടു.
പുതിയ കിസ്‌വ അണിയിക്കുന്നതിനു മുന്നോടിയായി കഅ്ബ ചുമരുകളിലും കിസ്‌വ കെട്ടാനുള്ള സ്വര്‍ണ വളയങ്ങളിലും കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തിയിരുന്നു. 54 സ്വര്‍ണ വളയങ്ങളില്‍ വീണ്ടും സ്വര്‍ണം പൂശുകയും ചെയ്തു. സ്വര്‍ണവളയങ്ങള്‍ സ്ഥാപിച്ച ഭാഗത്തെ മാര്‍ബിളുകള്‍ പരിശോധിച്ച് കേടുപാടുകളില്ലെന്നും ഉറപ്പുവരുത്തി. ഹറം കാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗമാണ് ഇതു നിര്‍വഹിച്ചത്.
ഗ്രാന്‍ഡ് മസ്ജിദിന്റെ മധ്യഭാഗത്ത് ചതുരാകൃതിയിലാണു കഅ്ബ സ്ഥിതി ചെയ്യുന്നത്. കഅബയുടെ ഓരോ വശത്തും പ്രത്യേകം കിസ്‌വ മാറ്റിസ്ഥാപിക്കുകയാണു പതിവ്. ഓരോ വശത്തുമുള്ള ആവരണം കഅബയുടെ മുകളിലേക്ക് ഉയര്‍ത്തിയശേഷം പഴയത് അഴിച്ചുതാഴ്ത്തുകയാണു ചെയ്യുന്നത്. നീക്കം ചെയ്യുന്ന പഴയ കിസ്‌വ ചെറിയ കഷണങ്ങളാക്കി തിരഞ്ഞെടുത്ത ആളുകള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്നു.
സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ മക്കയിലുള്ള കിസ്‌വ അല്‍ കഅ്ബ ഫാക്ടറിയിലാണ് 1962 മുതല്‍ കിസ്‌വ നെയ്‌തെടുക്കുന്നത്. ഖുര്‍ആന്‍ സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന കിസ്‌വ 850 കിലോഗ്രാം പ്രകൃതിദത്ത കറുത്ത പട്ടുനൂല്‍, 120 കിലോഗ്രാം സ്വര്‍ണനൂല്‍, 100 കിലോഗ്രാം വെള്ളി നൂല്‍ എന്നിവ ഉപയോഗിച്ചാണു നിര്‍മിക്കുന്നത്.
14 മീറ്റര്‍ ഉയരവും 98 വീതിയുമുള്ള 47 കഷ്ണങ്ങള്‍ ഉള്‍പ്പെടുന്നതാണു കിസ്‌വ. പട്ടിനെ സംരക്ഷിക്കാന്‍ ഉള്‍ഭാഗത്ത് ശക്തമായ പരുത്തിയുടെ പാളി നല്‍കുന്നു. ആധുനിക യന്ത്ര സഹായത്തോടെയാണു നെയ്‌തെടുക്കുന്നത്. ഒരു വര്‍ഷത്തോളമെടുത്താണു നിര്‍മാണം. എംബ്രോയിഡറി ജോലിക്കു മാത്രം ആറ് മുതല്‍ എട്ട് മാസം വരെ എടുക്കും. നിര്‍മാണത്തില്‍ 220 പേര്‍ പങ്കാളികളാണ്. രണ്ടു കോടിയിലേറെ റിയാലാണു മൊത്തം നിര്‍മാണച്ചെലവ്.