റിയാദ്: സൗദി അറേബ്യയുടെ എൺപത്തി ഏഴാമത് ദേശീയ ദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. വൈകീട്ട് നാല് മണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തലസ്ഥാന നഗരമായ റിയാദിലെ പ്രധാന തെരുവുകളിലൊന്നായ തഹ്‌ലിയ സ്ട്രീറ്റിൽ ആഘോഷങ്ങൾക്ക് ഇന്നലെ മുതൽ തുടക്കമായി. ദേശീയ ദിനമായ ഇന്ന് രാത്രിയാണ് അവിസ്മരണീയ കാഴ്ചകൾക്ക് തഹ്‌ലിയ സാക്ഷിയാകുക. രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഒട്ടനവധി പരിപാടികളും, വിവിധ ഇനം പരേഡുകളും. സൗദിയിലെയും വിദേശത്തെയും വിവിധ കലാകാരൻമാർ അണി നിരക്കുന്ന സംഗീത പരിപാടികളും അരങ്ങേറും.

റിയാദിൽ നിന്ന് 30 കിലോമീറ്റർ മാറി സൗദി അറേബ്യയുടെ പൈതൃക നഗരമായ ദരിയ്യയിലാണ് പ്രധാന ആഘോഷ പരിപാടി നടക്കുന്ന മറ്റൊരു ഇടം. ഇന്നലെ മുതൽ ദരിയ്യയിലേക്ക് സ്വദേശികളും വിദേശികളും ഉൾപ്പടെയുള്ളവരുടെ ഒഴുക്കാണ്. കുട്ടികൾക്കായി പ്രത്യേക പരിപാടികളും അതിനായുള്ള വേദികളും ദരിയ്യയിൽ സജ്ജമാണ്. ദരിയ്യയിലെ ആഘോഷ പരിപാടികൾ വീക്ഷിക്കാനെത്തുന്നവരുടെ സുരക്ഷക്കും സേവനത്തിനുമായി പൊലീസ് ഉൾപ്പടെ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം വലിയ സംഘം തന്നെ ദരിയ്യയിൽ ക്യാംപ് ചെയ്യുന്നുണ്ട്. വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നും സന്ദർശകരെ വേദികളിലെത്തിക്കാൻ സൗജന്യ ബസുകൾ സംഘാടകർ സജ്ജീകരിച്ചിട്ടുണ്ട്.

രാത്രി 9.15 ന് മുതൽ 9.45 വരെയുള്ള വെടിക്കെട്ട് ആകാശത്ത് വിസ്മയം തീർക്കും. മാനത്ത് ഹരിത പതാക വിരിയിച്ചും, മാനത്ത് വർണവും വിസ്മയവും തീർക്കുന്ന വെടിക്കെട്ട് കാണാൻ ദറയ്യയിലെത്തുക പതിനായിരങ്ങളാലാണ്. മറ്റൊരു വിസ്മയ കാഴ്ച ദൃശ്യമാകുക നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന കിങ്ഡം ടവറിലാണ്. രാജ്യത്തിന്റെ ചരിത്രവും നേട്ടങ്ങളും എച്ച്ഡി പ്രൊജക്ഷനിലൂടെ ഹ്രസ്വമായി പരിചയപ്പെടുത്തും. ദേശീയ അന്തർദേശീയ തലങ്ങളിൽ സൗദി അറേബ്യ മാതൃകയാവണമെന്നും തലയുയർത്തിപിടിക്കുന്ന രാഷ്ട്രമാകുക എന്നതുമാണ് നമ്മുടെ ലക്ഷ്യമെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ദേശീയ ദിന സന്ദേശത്തിൽ പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ