റിയാദ്: ചൂടിന് അറുതി വരുത്തി ഒക്ടോബറിൽ സൗദിയിൽ മഴത്തുള്ളി വീണ് തുടങ്ങുമെന്ന പ്രതീക്ഷയിൽ. നവംബർ, ഡിസംബർ മാസങ്ങളിൽ സൗദിയിൽ നന്നായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്.

സാധാരണ ഓഗസ്റ്റ് മാസത്തിൽ പൊള്ളുന്ന ചൂടാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ താരതമ്യേന ചൂട് കുറവാണ്. ഇത് വരാനിരിക്കുന്ന മഴക്കാലത്തിന്റെ സൂചനയാണെന്നാണ് കാലാവസ്ഥ നിരീക്ഷകൻ നാദിർ അൽ സുലൈമിയുടെ വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ചകളിൽ ചൂട് അൽപം കൂടുതൽ ആയിരുന്നെങ്കിലും ഈ വാരം ചൂട് കുറവാണ്. നാട്ടിൽ മഴ തകർത്ത് പെയ്യുമ്പോഴും കൊടും ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾ ഒക്ടോബറിലെ മഴയുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്.

മഴയ്ക്ക് ശേഷം സൗദിയിൽ ശിശിര കാലമാണ്. റിയാദ് ഉൾപ്പെടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നല്ല തണുപ്പ് അനുഭവപ്പെടും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook