റിയാദ്: വേനലിന്റെ വരവറിയിച്ച് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റും മഴയും. റിയാദിലും ദമാമിലും ഞായറാഴ്ച രാവിലെ മുതലേ മൂടിക്കെട്ടിയ കാർ മേഘം വൈകീട്ട് മൂന്ന് മണിയോടെ ഇടി മിന്നലിന്റെ അകമ്പടിയോടെ പെയ്തിറങ്ങി. വൈകീട്ട് തുടങ്ങിയ മഴ രാത്രി ഏഴ് മണിയോടെ ശക്തി പ്രാപിച്ചു. ജോലി കഴിഞ്ഞ് ആളുകൾ മാർക്കറ്റിലേക്കിറങ്ങുന്ന സമയത്തുണ്ടായ മഴ റിയാദിലെ വാണിജ്യകേന്ദ്രമായ ബത്ഹയിൽ കച്ചവടം മന്ദഗതിയിലാക്കി. ആവശ്യക്കാർ മാത്രം വാഹനങ്ങളുമായി പുറത്തിറങ്ങിയത് കൊണ്ട് നിരത്തുകളിൽ തിരക്ക് വളരെ കുറവായിരുന്നു.

മഴക്കും പൊടിക്കാറ്റിനും സാധ്യത അറിയിച്ച് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ട്രാഫിക് വിഭാഗം, സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ജാഗ്രത പുലർത്തിയിരുന്നു. റിയാദ് മെട്രോ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പലയിടത്തും മഴ തടസ്സപ്പെടുത്തി. രാത്രി 12 മണിക്ക് ശേഷവും ചെറിയ രീതിയിൽ പൊടിക്കാറ്റ് തുടർന്നു. ഈ കാലാവസ്ഥ ഒരു ദിവസം കൂടി തുടരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ