മനാമ: ബഹ്‌റൈനില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. കനത്തമഴയെ തുടര്‍ന്ന് സൗദിയിലുണ്ടായ കൃഷി നാശവും ജോര്‍ദ്ദാനില്‍ കനത്ത തണുപ്പിനെ തുടര്‍ന്ന് ഉല്‍പ്പാദനം കുറഞ്ഞതുമാണ് കാരണം. പെട്ടിക്ക് 800 ഫില്‍സ് ഉണ്ടായിരുന്ന തക്കാളി വില രണ്ടു ദിനാറിലേക്ക് ഉയര്‍ന്നു. ചീര, പാലക്ക്, ഉലുവയില, മല്ലിയില, പൊതിന തുടങ്ങലി വിവധ തരം ഇലകളുടെ വില പെട്ടിക്ക് 1.200 ദിനാറില്‍ നിന്ന് 2.200 ലേക്കു കുതിച്ചുയര്‍ന്നു. ചീര, തക്കാളി, ബീറ്റ് റൂട്ട്, കക്കിരി തുടങ്ങിയവയ്ക്കാണു വന്‍തോതില്‍ വിലയ ഉയര്‍ന്നത്.

പച്ചക്കറികള്‍ക്കു അനിയന്ത്രിതമായി വില ഉയര്‍ന്നതോടെയാണു ബഹ്‌റൈനിലെ മൊത്തവ്യാപാരികള്‍ സൗദി കോസ് വേ വഴിയുള്ള ചരക്കു വരവ് നിര്‍ത്തിവെച്ചിരുന്നു. അഞ്ചു മൊത്ത വ്യാപാരികള്‍ താല്‍ക്കാലികമായി ചരക്കു കടത്തു നിര്‍ത്തി പ്രതിഷേധിച്ചിട്ടും സൗദി കയറ്റുമതിക്കാര്‍ വില കുറയ്ക്കാന്‍ തയാറായിട്ടില്ല.

പച്ചക്കറികള്‍ക്ക് പെട്ടിക്ക് മൂന്നു ദിനാര്‍വരെ ഉയര്‍ന്നതോടെ വാരാന്ത്യത്തില്‍ ബഹ്‌റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരം അലങ്കോലമായെന്നാണു റിപ്പോര്‍ട്ട്. വ്യാപാരികള്‍ക്കു കനത്ത നഷ്ടം സംഭവിച്ചതോടെ ഞായറാഴ്ച ഒരു ദിവസം കച്ചവടം നിര്‍ത്തി പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാപാരികളുടെ സംഘടിത നീക്കം സൗദിയില്‍ നിന്നുള്ള കയറ്റുമതിക്കാരെ വിലകുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്നാണു കച്ചവടക്കാര്‍ കരുതുന്നത്.

വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നറിയില്ലെന്നും എന്നാല്‍ സൗദിയില്‍ ആഴ്ചകളോളം നീണ്ടു നിന്ന കനത്ത മഴ കാര്‍ഷിക മേഖലിയല്‍ സൃഷ്ടിച്ച ആഘാതമായിരിക്കാം വിലയക്കറ്റത്തിനു കാരണമെന്നാണു വ്യാപാരികള്‍ പറയുന്നത്. മഴയെത്തുടര്‍ന്നുണ്ടായ കൃഷിനാശം മൂലം കുവൈത്തിലും ഖത്തറിലും ആവശ്യം വര്‍ധിച്ചതും വിലക്കയറ്റത്തിനു കാരണമായി. കൊടും തണുപ്പുമൂലം ജോര്‍ദ്ദാനില്‍ ഉല്‍പ്പാദനം കുറഞ്ഞതും വില ഉയരാന്‍ ഇടയാക്കി.

വിലക്കയറ്റം വ്യാപാരത്തെ ദോഷകരമായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. കോസ് വേ ഫീസും കടത്തു കൂലിയുമെല്ലാം കഴിയുമ്പോള്‍ ഒരു പെട്ടി പച്ചക്കറിയില്‍ നിന്നു മൊത്ത വ്യാപാരികള്‍ക്കു ലഭിച്ചിരുന്ന ലാഭം 200 ഫില്‍സാണ്. ഇപ്പോഴത് 50 ഫില്‍സ് പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് അവര്‍ പറയുന്നു.

ദിനം പ്രതി അഞ്ചു മൊത്ത വ്യാപാരികള്‍ക്കായി എട്ട് കാര്‍ഗോ ട്രക്കുകളാണ് സൗദിയില്‍ നിന്നു വരുന്നത്. വില ഉയര്‍ന്നതോടെ ഇടപാടുകാരില്‍ നിന്നുള്ള രോഷത്തിനു വ്യാപാരികള്‍ ഇരകളാവുന്ന അവസ്ഥയാണു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മനാമ സെന്‍ട്രൽ മാര്‍ക്കറ്റില്‍ ഉള്ളത്. സൗദി കമ്പോളത്തില്‍ വില ഇരട്ടിയാവുകയും ജോര്‍ദ്ദാനില്‍ നിന്നുള്ള ചരക്കു വരവ് കുറയുകയും ചെയ്തതോടെ പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് സംജാതമായത്. കൃഷി നാശം ഉണ്ടായതോടെ സൗദിയില്‍ നിന്നു വരുന്ന ചരക്കുതന്നെ ഗുണനിലവാരമില്ലാത്തതാണെന്നും കച്ചവടക്കാര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ