റിയാദ്: സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. കര- വ്യോമ-നാവിക അതിർത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് തീരുമാനം. ഇതോടെ മൂന്നര വർഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്.

“കുവൈറ്റ് ഭരണാധികാരി എമിർ ഷെയ്ഖ് നവാഫിന്റെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, സൗദി അറേബ്യയ്ക്കും ഖത്തർ സംസ്ഥാനത്തിനുമിടയിൽ വ്യോമാതിർത്തി, കര, കടൽ അതിർത്തികൾ തുറക്കാൻ ധാരണയായി,” കുവൈറ്റ് വിദേശകാര്യ മന്ത്രി അഹ്മദ് നാസർ അൽ സബ തിങ്കളാഴ്ച സ്റ്റേറ്റ് ടിവിയിൽ പറഞ്ഞു.

Read More: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയെ കണ്ടെത്തി

ഖത്തർ ഭരണാധികാരിയുമായും സൗദി അറേബ്യയിലെ കിരീടാവകാശിയുമായും കുവൈറ്റ് ഭരണാധികാരി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

തീവ്രവാദ ബന്ധം ആരോപിച്ച് 2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. അതിന് ശേഷം ആദ്യമായാണ് അതിർത്തി തുറക്കുന്നത്. അതിര്‍ത്തി തുറന്നത് ഉപരോധം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്‌.

ആരോപണങ്ങൾ ഖത്തർ പലതവണ നിഷേധിക്കുകയും ബന്ധങ്ങൾ വിച്ഛേദിക്കുന്നതിന് കൃത്യമായ ന്യായീകരണമൊന്നുമില്ലെന്നു പറയുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ക്ഷണിച്ചതായി ജിസിസി അറിയിച്ചു.

അതേസമയം, 41-ാമത് ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അൽ ഉലയിൽ തുടക്കമാകും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റെക്കോഡിൽ ഇടം നേടിയ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook