റിയാദ് : സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രൊഫഷൻ മാറ്റ സേവനം വിദേശികള്‍ക്ക് വീണ്ടും ലഭ്യമാകും. നേരത്തെ പ്രൊഫഷൻ​മാറ്റത്തിനുളള അനുമതി നിർത്തി വച്ചിരുന്നു. സേവനം മുഹറം ഒന്നു മുതല്‍ വ്യവസ്ഥകളോടെ പുനരാരംഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പ്രൊഫഷന്‍ മാറ്റം നിര്‍ത്തി വെച്ചതോടെ ഫ്രീ വിസയിലെത്തിയിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരുന്നു.

ഏതെങ്കിലുമൊരു തൊഴില്‍ വിസയിലാണ് സാധാരണ പ്രവാസികള്‍ സൗദിയിലെത്താറ്. തുടര്‍ന്ന് വിദ്യാഭ്യാസത്തിനനുസരിച്ച ജോലികളിലേയ്ക്ക് മാറുകയായിരുന്നു പതിവ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഈ മാറ്റത്തിനുളള അവസരം നിര്‍ത്തി വെച്ചത്. ഇതാണിപ്പോള്‍ വീണ്ടും പ്രാബല്യത്തിലാകുന്നത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മുഹറം ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കും.

ഇതിന് മുന്നോടിയായി ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പ്രൊഫഷന്‍ മാറ്റം അനുവദിക്കുക. അതായത് പ്രൊഫഷൻ മാറ്റത്തിനുള്ള വ്യവസ്ഥകൾ പൂർണമാണെന്ന് കമ്പ്യൂട്ടർ സംവിധാനം അന്വേഷിച്ച് ഉറപ്പു വരുത്തും. പുതിയ ജോലി എൻജിനീയറിംഗ്, ആരോഗ്യം, അക്കൗണ്ടിംഗ് മേഖലയിലേക്കാണ് മാറുന്നതെങ്കില്‍ പ്രായോഗിക പരിശീലനം സംബന്ധിച്ച രേഖ വേണ്ടി വരും.

കൗൺസിൽ ഓഫ് സൗദി എൻജിനീയേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് പ്രൊഫഷൻ മാറ്റ നടപടികൾ സിസ്റ്റം പൂർത്തിയാക്കുക. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. തൊഴില്‍ വിപണി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook