റിയാദ്: സ്വകാര്യ സ്‌കൂളുകളില്‍ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിന് ശ്രമിക്കുമ്പോഴും അധ്യാപകരിൽ ഭൂരിഭാഗവും വിദേശികളെന്ന് കണക്കുകൾ. സൗദി അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൗദിവൽക്കരണം വർധിപ്പിക്കുന്നതിനുമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ശ്രമങ്ങൾ നടക്കുന്നു. സ്വകാര്യ ബോയ്‌സ് സ്‌കൂള്‍ അധ്യാപകരില്‍ 60 ശതമാനത്തിലേറെയും വിദേശികളാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗേള്‍സ് സ്‌കൂളുകളില്‍ വിദേശ അധ്യാപകര്‍ പത്തു ശതമാനം മാത്രമാണ്.

സയന്‍സ് അടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് യോഗ്യരായ സൗദി അധ്യാപകരുടെ കുറവാണ് സ്വകാര്യ സ്‌കൂളുകളില്‍ സൗദിവല്‍ക്കരണം കുറയുന്നതിന് കാരണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡന്റ് മാലിക് താലിബ് പറഞ്ഞു.

സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഉയര്‍ത്തല്‍, ആശ്രിത ലെവി, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ എന്നിവ അടക്കമുള്ള കാരണങ്ങള്‍ മൂലമുള്ള വിദേശ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സൗദി സ്വകാര്യ സ്‌കൂളുകളെ കാര്യമായി ബാധിക്കില്ല. സ്വകാര്യ സൗദി സ്‌കൂളുകളില്‍ നിന്ന് പത്തു ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് കൊഴിഞ്ഞുപോയിരിക്കുന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ നിന്ന് 30 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകളുടെ സാമ്പത്തിക ഭാരം വര്‍ധിച്ചുവരികയാണ്. വിദേശ അധ്യാപകരുടെ ഇഖാമകള്‍ പുതുക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി, ഇന്ധന ഇനങ്ങളിലുള്ള ചെലവുകളും ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്തിയേക്കും. പ്രവര്‍ത്തന ചെലവ് വലിയ തോതില്‍ ഉയര്‍ന്നതു മൂലം സ്വകാര്യ സ്‌കൂളുകള്‍ പ്രതിസന്ധിയിലാണ്. ഏതാനും സ്‌കൂളുകള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ നിര്‍മിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് പദവി ശരിയാക്കുന്നതിനും അനുയോജ്യമായ കെട്ടിടങ്ങളിലേക്ക് മാറുന്നതിനും കെട്ടിടങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം മതിയായ സാവകാശം അനുവദിച്ചിരുന്നു. ഇത് ഒന്നിലധികം തവണ നീട്ടിനല്‍കി. പദവി ശരിയാക്കുന്നതിന് നല്‍കിയ സാവകാശം ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. ഇനിയും പദവി ശരിയാക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന് നിര്‍ബന്ധിതമായേക്കുമെന്നും മാലിക് താലിബ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook