റിയാദ്: സൗദിയില്‍ അഴിമതി ആരോപണത്തിൽ 11 രാജകുമാരന്മാരെയും നിരവധി മന്ത്രിമാരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സര്‍ക്കാര്‍ മേഖലയിലെ അഴിമതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതി വിരുദ്ധ കമ്മിറ്റിയാണ് നടപടിക്ക് പിന്നിലെന്ന് അല്‍ അറേബ്യ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിക്കാർക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കമാണിത്.

മുൻ രാജാവ് അബ്ദുളളയുടെ മകനും നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുളള മന്ത്രിയുമായിരുന്ന മിതേബ് ബിൻ അബ്ദുളള അസീസ് രാജകുമാരനെ തൽസ്ഥാനത്ത് നിന്നും സൽമാൻ രാജാവ് നീക്കിയതായും ചാനൽ റിപ്പോർട്ടിലുണ്ട്. ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൽമാൻ രാജാവിന്റെ നടപടിക്കുപിന്നാലെ സൗദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അഴിമതിക്കാരെ അറസ്റ്റ് ചെയ്യുക, യാത്രാവിലക്ക് ഏർപ്പെടുത്തുക, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക, സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കൽ, സ്വത്ത് കണ്ടുകെട്ടൽ തുടങ്ങിയ അധികാരങ്ങൾ അഴിമതി വിരുദ്ധ കമ്മറ്റിയ്ക്കുണ്ട്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുകയും പൊതുപണം മോഷ്ടിക്കുകയും ചെയ്തതായി കണ്ടെത്തിയതോടെയാണ് പുതിയ കമ്മറ്റിയ്ക്ക് രൂപം നൽകിയത്.

2009ലെ ജിദ്ദ വെള്ളപ്പൊക്കം, കഴിഞ്ഞ ഏതാനും വർഷത്തിനുളളിൽ നിരവധി പേരുടെ ജീവൻ കവർന്ന കൊറോണ വൈറസ് എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം പുനഃരാരംഭിക്കുകയാണെന്നും കമ്മറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook