റിയാദ്: മനസിനും ശരീരത്തിനും ഒരുപോലെ ഊർജവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഇന്ത്യൻ പാരമ്പര്യ ആരോഗ്യ പരിപാലന മുറയായ യോഗക്ക് സൗദി അറേബ്യയിൽ സ്വീകാര്യതയേറുന്നു. ജിദ്ദയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്ലാദം പ്രകടിപ്പിച്ചത്.

രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സൗദിയുടെ വിവിധ പ്രവിശ്യകളിലായി സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള വിവിധ സംഘടനകളാണ് യോഗ ദിനം ആചരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദിൽ മാത്രം ഇന്ത്യൻ എംബസി ഉൾപ്പെടെ മൂന്നിടങ്ങളിൽ യോഗ ദിനാചരണ പരിപാടികൾ നടക്കുന്നുണ്ട്. സൗദി അറേബ്യയിൽ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്വദേശികളാണ് ഇപ്പോൾ യോഗ ദിനചര്യയുടെ ഭാഗമാക്കിയിരിക്കുന്നത്.

ഡോക്ടർമാരും യോഗ ചെയ്യാൻ നിർദേശിക്കുന്നുണ്ട്. ഇതോടെ സൗദിയിൽ യോഗയ്ക്ക് സ്വീകാര്യതയേറി. സൗദിയില്‍ യോഗ പഠിപ്പിക്കുകയും സൗദികൾക്കിടയിൽ യോഗയ്ക്ക് പ്രചാരണം നൽകുകയും ചെയ്ത സ്വദേശി വനിത നൗഫ് അൽ മർവായിയെ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook