ജിദ്ദ: ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ പുതുക്കി നിശ്ചയിച്ച് കൊണ്ട് പരിഷ്കരിച്ച ട്രാഫിക് നിയമാവലി സൗദി അറേബ്യ, സർക്കാരിന്റെ ഔദ്യോഗിക ബുള്ളറ്റിനായ ഉമ്മുൽ ഖുറാ പത്രത്തിലൂടെ അറിയിച്ചു. വാഹനാപകടങ്ങളും, ട്രാഫിക് നിയമ ലംഘനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് നിയമത്തിൽ നിരവധി ഭേദഗതിയോട് കൂടിയ നിയമാവലി പരിഷ്കരണം നടത്തിയത്. പരിഷ്കരിച്ച നിയമാവലി പ്രകാരം ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് നാല് വർഷം വരെ തടവും രണ്ട് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.

ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ 90 ദിവസത്തിനുള്ളിൽ വീണ്ടെടുത്തില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കാൻ പുതിയ നിയമത്തിൽ അനുശാസിക്കുന്നുണ്ട്. വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്ത ഉടമകൾക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ചുമത്തും. ലൈസൻസില്ലാത്ത ഡ്രൈവിങ് സ്‌കൂളുകൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.

വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയൽ, ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പതുക്കെ വാഹനം ഓടിക്കൽ, കാലാവധി തീർന്ന ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് ഉപയോഗിക്കാതിരിക്കൽ തുടങ്ങിയവക്ക് 300 മുതൽ 500 വരെ റിയാൽ പിഴ ഈടാക്കും.

റെഡ് സിഗ്നൽ കട്ട് ചെയ്യൽ, കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്‌കൂൾ ബസുകളെ മറികടക്കൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, വാഹനങ്ങളിൽ ഔദ്യേഗിക വാഹനങ്ങളിലേത് പോലുള്ള ഉപകരണങ്ങൾ ഘടിപ്പിക്കൽ, മത്സരയോട്ടം എന്നീ നിയമ ലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ലഭിക്കും.

വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിക്കൽ, നമ്പർ പ്ളേറ്റ് മറയ്ക്കൽ, മദ്യത്തിന്റേയോ മയക്കു മരുന്നിന്റെയോ ലഹരിയിൽ വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്താനും പുതുക്കിയ നിയമാവലിയിൽ നിഷ്കർഷിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ