റിയാദ്: തങ്ങളുടെ വ്യോമപാത മുഴുവന്‍ വിമാനക്കമ്പനികള്‍ക്കുമായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ (ഗാക) തീരുമാനം ഇന്നു മുതല്‍ നടപ്പായി.
നിബന്ധനകള്‍ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്നാണു ഗാക വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ, ഇസ്രായേലിന്റേത് ഉൾപ്പെടെ നേരത്തെ അനുമതിയില്ലാത്ത പല കമ്പനികളുടെയും വിമാനങ്ങള്‍ക്കു സൗദിക്കു മുകളിലൂടെ പറക്കാനാവും.
മൂന്ന് വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബാക്കി സൗദി അറേബ്യയെ മാറ്റുകയും രാജ്യാന്തര വ്യോമഗതാഗത ബന്ധം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായാണ് പുതിയ തീരുമാനം.
1944 ലെ ഷിക്കാഗോ കണ്‍വന്‍ഷന്‍ പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റാനുള്ള സൗദി അറേബ്യയുടെ താല്‍പ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണു തീരുമാനമെന്നും ഗാക വ്യക്തമാക്കി. രാജ്യാന്തര സര്‍വിസ് യാത്രാ വിമാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണു 1944-ലെ ചിക്കാഗോ ഉടമ്പടി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തിനു മുന്നോടിയായാണു ഗാകയുടെ സുപ്രധാന പ്രഖ്യാപനം.
ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണു ബൈഡന്‍ സൗദിയില്‍ ഇന്ന് സൗദിയിലെത്തുന്നത്. ഇതിനു മുന്‍പ് അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.