റിയാദ്: സൗദി വനിതകൾക്ക് വാഹനമോടിക്കാൻ ഇനി ഏതാനും ആഴ്ചകളുടെ കാത്തിരിപ്പ് മാത്രം. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് വനികളുടെ ഡ്രൈവിങ് ലൈസൻസ്.

വനിതകളുടെ ഡ്രൈവിങ് സ്‌കൂൾ, കാർ സ്വന്തമാക്കാനുള്ള അനുമതി തുടങ്ങി നിലവില്ലാത്ത പലതും ചുരുങ്ങിയ കാലം കൊണ്ട് പൂർത്തിയാക്കാൻ അധികൃതർക്കായിട്ടുണ്ട്. നിലവിൽ വിദേശ ഡ്രൈവിങ് ലൈസൻസുള്ള വനിതകൾക്ക് സൗദി ലൈസൻസ് നൽകാനുള്ള പുതിയ തീരുമാനത്തോടെ ചരിത്രപരമായ മാറ്റത്തിന് സൗദി പൂർണ്ണമായും തയ്യാറെടുത്തു കഴിഞ്ഞു.

വിദേശ / അന്തർദേശീയ ലൈസൻസുള്ള സൗദി വനിതകൾക്ക് സൗദി ലൈസൻസ് ലഭിക്കാൻ നിലവിലുള്ള രേഖകളുമായി മെയ് 21 തിങ്കളാഴ്ചക്കകം //www.sdlp.sa എന്ന വെബ് പോർട്ടലിലൂടെ അപേക്ഷിക്കേണ്ടതാണ്.

സൗദി ട്രാഫിക് നിയമങ്ങൾ അറിയുന്നവർക്ക് ഉടൻ ലൈസൻസ് ലഭിക്കാനും അല്ലാത്തവർക്ക് അതിനായുള്ള ക്ളാസുകൾ നൽകാനും സജ്ജീകരണങ്ങളായി. തൊഴിൽ രംഗത്ത് സ്വദേശി വനിതകൾ ഇന്നനുഭവിക്കുന്ന പിന്നോക്കാവസ്ഥ ഗണ്യമായി കുറയ്ക്കാനും സമൂഹത്തിലെ എല്ലാ മേഖലകളിലും പുരുഷന്മാർക്കൊപ്പം എത്താനും വിപ്ലവകരമായ ഈ മാറ്റത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
അതേസമയം ഗാർഹിക രംഗത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശ ഡ്രൈവർമാരുടെ ജോലി അനിശ്ചിതത്വത്തിലാകുന്നതും പുതിയ മാറ്റത്തിന്റെ മറുവശമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ